വ്യാജമദ്യ നിർമ്മാണം: വൻ രാസവസ്തുക്കളുടെ ശേഖരം കണ്ടെത്തി, പ്രതിക്ക് വേണ്ടി അന്വേഷണം ഊർജ്ജിതം

  • 24/08/2025



കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി മദ്യം നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ സൂക്ഷിച്ച വൻ ഗോഡൗൺ ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തി. അടുത്തിടെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ വ്യാജമദ്യം നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന ഒരു സംഘത്തെ പിടികൂടിയിരുന്നു. ഇത് കുവൈത്തിൽ പലയിടത്തും മരണങ്ങൾക്കും വരെ കാരണമായിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അൽ റായ് ഏരിയയിലെ ഈ ഗോഡൗൺ കണ്ടെത്തിയത്.

ഈ ഗോഡൗൺ ഈജിപ്ഷ്യൻ പൗരനായ മുഹമ്മദ് അബ്ദോയുടേതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇയാൾ നിലവിൽ കുവൈത്തിന് പുറത്താണ്. ഇയാളെ പിടികൂടാൻ ഈജിപ്ഷ്യൻ സുരക്ഷാ അധികാരികളുമായി ചേർന്ന് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. റെയ്ഡിൽ, 25 ലിറ്റർ വീതം ശേഷിയുള്ള ഏകദേശം 340 പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഈ രാസവസ്തുക്കൾ സുരക്ഷിതമല്ലാത്ത രീതിയിലാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. ഇത് തീപിടുത്തം, സ്ഫോടനം, വിഷവാതക ചോർച്ച, പരിസ്ഥിതി മലിനീകരണം എന്നിവയ്ക്ക് ഗുരുതരമായ സാധ്യതകൾ ഉണ്ടാക്കുകയും പ്രദേശത്തെ ജീവനും സ്വത്തിനും ഭീഷണിയാകുകയും ചെയ്തിരുന്നു. അഗ്നിശമന സേനയെ ഉടൻ സ്ഥലത്തെത്തിച്ച് സുരക്ഷ ഉറപ്പുവരുത്തി.

Related News