കുവൈത്തിൽ പുതിയ ശുചീകരണ കരാറുകളായി; നിരീക്ഷണത്തിന് ഡ്രോണുകളും സ്മാർട്ട് ക്യാമറകളും

  • 24/08/2025



കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ കരാറുകൾക്ക് രൂപം നൽകിയതായി കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മനാൽ അൽ അസ്ഫൂർ അറിയിച്ചു. 12 പ്രധാന മാറ്റങ്ങളാണ് ഈ കരാറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത്, ശുചീകരണ വാഹനങ്ങളിൽ 360 ഡിഗ്രി കോണിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ക്യാമറകളും മരുഭൂമിയിലെയും കാർഷിക മേഖലകളിലെയും ചാലറ്റ് പ്രദേശങ്ങളിലെയും ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകളും ഉപയോഗിക്കും എന്നതാണ്.

നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ പൊതു ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് മുനിസിപ്പൽ കൗൺസിൽ അംഗം ആലിയ അൽ ഫർസി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അൽ അസ്ഫൂർ.

മാലിന്യം നീക്കം ചെയ്യുന്നതിനുള്ള സമയം വൈകുന്നേരം 6 മണി മുതൽ അർദ്ധരാത്രി 12 മണി വരെയായി നിശ്ചയിച്ചിട്ടുണ്ടെന്ന് അൽ അസ്ഫൂർ പറഞ്ഞു. ഈ സമയം വീടുകളിൽ താമസിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ശുചീകരണ കമ്പനികൾ അവരുടെ വാഹനങ്ങളിലും ഉപകരണങ്ങളിലും വ്യക്തമായി രേഖപ്പെടുത്തണമെന്ന് കരാറിൽ വ്യവസ്ഥയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Related News