ഹസാവിയിലും ജലീബിലും വീണ്ടും വ്യാജമദ്യ വേട്ട; മൂന്ന് പ്രവാസികൾ പിടിയിൽ

  • 24/08/2025



കുവൈത്ത് സിറ്റി: ഹസാവി, ജലീബ് അൽ ഷുവൈക്ക് എന്നിവിടങ്ങളിൽ നിന്ന് വീട്ടിൽ നിർമ്മിച്ച വ്യാജമദ്യം വിറ്റ മൂന്ന് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ. വിൽപ്പനയ്ക്ക് തയ്യാറാക്കിയ 23 കുപ്പി മദ്യവുമായിട്ടാണ് ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഹസാവിയിൽ നടത്തിയ പതിവ് പട്രോളിംഗിനിടെ സംശയാസ്പദമായ രീതിയിൽ ബാഗുകളുമായി സഞ്ചരിക്കുന്ന ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. പിടിയിലാകുമെന്ന് മനസ്സിലാക്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇവർ താമസസ്ഥലത്ത് വെച്ച് മദ്യം നിർമ്മിക്കുകയും ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകുകയും ചെയ്തിരുന്നതായി കണ്ടെത്തി. ചോദ്യം ചെയ്യലിൽ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു. ഇവർക്ക് നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും കുവൈത്തിൽ വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

Related News