രാജ്യം വിടുന്നതിന് എക്സിറ്റ് പെർമിറ്റ് നിർബന്ധം; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ, സഹേൽ ആപ്പ് വഴി എങ്ങിനെ എക്സിറ്റ് പെർമിറ്റ് നേടാം ?

  • 29/06/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് രാജ്യം വിടുന്നതിന് ഇനി ഡിജിറ്റൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം. തൊഴിൽ, സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി, സഹേൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 2025 ജൂലൈ 1 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. ആർട്ടിക്കിൾ 18 വിസയിൽ ജോലി ചെയ്യുന്ന എല്ലാ പ്രവാസികൾക്കും ഇത് ബാധകമാണ്.

പുതിയ സംവിധാനം അനുസരിച്ച്, രാജ്യം വിടുന്നതിന് മുൻപ് തൊഴിലുടമയുടെ അനുമതിയോടെയുള്ള എക്സിറ്റ് പെർമിറ്റ് സഹേൽ ആപ്പ് വഴി നേടണം. ഇതിനായി യാത്ര പുറപ്പെടുന്നതിന് ഏഴ് ദിവസം മുതൽ 24 മണിക്കൂർ മുൻപ് വരെ അപേക്ഷ സമർപ്പിക്കണം.

അപേക്ഷിക്കാനുള്ള മാർഗം

സഹേൽ ആപ്പിൽ ലോഗിൻ ചെയ്യുക.

ആപ്പിലെ 'സർവീസസ്' എന്ന വിഭാഗത്തിൽ പ്രവേശിക്കുക.

തുടർന്ന് 'പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ' തിരഞ്ഞെടുക്കുക.

ഇവിടെ നൽകിയിട്ടുള്ള 'എക്സ്പാട്രിയേറ്റ് വർക്കേഴ്സ് സർവീസസ്' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

അടുത്തതായി 'എക്സിറ്റ് പെർമിറ്റ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

യാത്ര പുറപ്പെടുന്ന തീയതിയും തിരികെ വരുന്ന തീയതിയും രേഖപ്പെടുത്തി അപേക്ഷ സമർപ്പിക്കുക.

അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, തൊഴിലുടമ (സ്പോൺസർ) അത് അംഗീകരിക്കണം. തൊഴിലുടമ അനുമതി നൽകിക്കഴിഞ്ഞാൽ, ആപ്പിൽ ഒരു അറിയിപ്പ് ലഭിക്കും. അംഗീകാരം ലഭിച്ച പെർമിറ്റ് ഡൗൺലോഡ് ചെയ്യാനും പ്രിന്‍റ് എടുക്കാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ രംഗത്തെ സുതാര്യതയും സർക്കാർ മേൽനോട്ടവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പുതിയ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

Related News