വ്യാജ പൗരത്വം നേടിയ ഗൾഫ് പൗരൻ, കുവൈത്തി ഫയലിൽ ചേർത്തത് 29 മക്കൾ, പൗരത്വം റദ്ദാക്കി

  • 19/08/2025


കുവൈത്ത് സിറ്റി: വ്യാജരേഖകൾ ഉപയോഗിച്ച് കുവൈത്തി പൗരത്വം നേടിയ ഗൾഫ് പൗരന് ഏഴ് വർഷം തടവ് ശിക്ഷ. ഇയാളുടെ 29 മക്കളുടെയും പൗരത്വം റദ്ദാക്കുകയും ചെയ്തു. ഒരു ഗൾഫ് പൗരൻ 2022-ൽ സമർപ്പിച്ച പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കുവൈത്തി പൗരനെ വിവാഹം കഴിച്ച തന്റെ അമ്മായി കുട്ടികളില്ലാതെ മരിച്ചതിനെത്തുടർന്ന് സ്വത്ത് കൈകാര്യം ചെയ്യാനായി കുവൈത്തിലെത്തിയപ്പോഴാണ് പരാതിക്കാരൻ ഞെട്ടിക്കുന്ന ഒരു കാര്യം അറിയുന്നത്. തന്റെ മരിച്ചുപോയ അമ്മായിയുടെ ഒരു ബന്ധുവാണ് യഥാർത്ഥത്തിൽ തൻ്റെ അമ്മയെന്ന്. അവർ ഒരു ഗൾഫ് പൗരയാണെന്നും യുവാവ് തിരിച്ചറിഞ്ഞു.

ഈ അവകാശവാദം തെളിയിക്കാൻ വിരലടയാളം ഉൾപ്പെടെയുള്ള ഔദ്യോഗിക ഗൾഫ് രേഖകൾ ഹാജരാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ രേഖകൾ യഥാർത്ഥമാണെന്ന് അധികാരികൾക്ക് മനസ്സിലായി. ഗൾഫ്, കുവൈത്തി വിരലടയാളങ്ങൾ തമ്മിൽ താരതമ്യം ചെയ്തപ്പോൾ അവ പൂർണ്ണമായി പൊരുത്തപ്പെട്ടു. ഇതോടെ ഇവരുടെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുകയായിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും, പ്രതിയെ വിചാരണ ചെയ്യുകയും ഏഴ് വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ രേഖകളിൽ 29 കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഇവരെല്ലാം കുവൈത്തികളല്ലെന്നും കണ്ടെത്തി. കുട്ടികൾക്ക് അവരുടെ പിതാവിന്റെ ഗൾഫ് പൗരത്വമാണ് ലഭിച്ചത്. ഇതിനെത്തുടർന്ന്, സുപ്രീം കമ്മിറ്റി ഇയാളുടെയും എല്ലാ മക്കളുടെയും കുവൈത്തി പൗരത്വം റദ്ദാക്കാൻ ഉത്തരവിട്ടു. രാജ്യത്തെ വ്യാജ പൗരത്വ തട്ടിപ്പുകൾക്കെതിരെയുള്ള ഒരു വലിയ നടപടിയാണിത്.

Related News