കുവൈറ്റ് ബാങ്കിന് 35,000 ദിനാർ പിഴ ചുമത്തി കുവൈറ്റ് സെൻട്രൽ ബാങ്ക്

  • 20/08/2025



കുവൈത്ത് സിറ്റി: നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി കുവൈത്ത് സെൻട്രൽ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കുന്നത്, തീവ്രവാദത്തിന് ധനസഹായം നൽകുന്നത് എന്നിവ തടയുന്നതിനുള്ള നിയമം 106/2013-ലെ ആർട്ടിക്കിൾ 15 അനുസരിച്ചാണ് നടപടി. സെൻട്രൽ ബാങ്കിന്‍റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, കുവൈത്തിലെ ഒരു പ്രാദേശിക ബാങ്കിന് രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകുകയും, ചില തിരുത്തൽ നടപടികൾക്ക് ഉത്തരവിടുകയും 35,000 ദിനാർ പിഴ ചുമത്തുകയും ചെയ്തു.

ബാങ്കിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്. കള്ളപ്പണം വെളുപ്പിക്കുന്നത്, തീവ്രവാദത്തിന് ധനസഹായം നൽകുന്നത്, ആയുധങ്ങളുടെ നിർമ്മാണത്തിന് ധനസഹായം നൽകുന്നത് എന്നിവ തടയുന്നതിനുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്ന് പരിശോധനയിൽ കണ്ടെത്തി. 2023 ഫെബ്രുവരി 16-ന് പുറത്തിറക്കിയ നിർദ്ദേശങ്ങളിലെ വകുപ്പുകൾ 10/1, 1, 2a, 13/1 എന്നിവയുടെ ആവർത്തിച്ചുള്ള ലംഘനങ്ങളെ തുടർന്നാണ് നടപടിയെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ഈ നിയമലംഘനങ്ങൾ പരിഹരിക്കാൻ ബാങ്കിന് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

Related News