ട്രാഫിക് നിയമലംഘനങ്ങൾ: ഒരാഴ്ചക്കിടെ 32,000-ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്തു

  • 20/08/2025


കുവൈത്ത് സിറ്റി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുവൈത്തിൽ നടന്ന ട്രാഫിക് പരിശോധനകളിൽ 32,000-ത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ 1,000-ൽ അധികം വാഹനാപകടങ്ങളും രേഖപ്പെടുത്തി. ലൈസൻസില്ലാതെ വാഹനമോടിച്ച 28 പ്രായപൂർത്തിയാകാത്തവരെയും പോലീസ് പിടികൂടി. ഇവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.

പോലീസ് രേഖപ്പെടുത്തിയ 1,041 വാഹനാപകടങ്ങളിൽ 196 എണ്ണം പരിക്കുകൾക്ക് കാരണമായപ്പോൾ, 845 എണ്ണം വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ മാത്രം സംഭവിച്ച അപകടങ്ങളാണ്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 10 വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു.

ഇതിനിടെ, കാലാവധി കഴിഞ്ഞ റെസിഡൻസി പെർമിറ്റുകളുള്ള 106 വിദേശികളെയും, തിരിച്ചറിയൽ രേഖകളില്ലാത്ത 34 പേരെയും, വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 38 പേരെയും അറസ്റ്റ് ചെയ്തു. മോഷണക്കുറ്റത്തിന് കേസുള്ളതോ, ജുഡീഷ്യൽ അധികാരികൾ ആവശ്യപ്പെട്ടതോ ആയ 64 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ടുപേരെ മയക്കുമരുന്ന് നിയന്ത്രണ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കൈമാറി. ട്രാഫിക് നിയമലംഘനങ്ങളും അശ്രദ്ധമായ ഡ്രൈവിംഗും തടയാൻ പരിശോധനകൾ ശക്തമാക്കുമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

Related News