ബര്‍മിങ്ഹാമില്‍ സ്വര്‍ണതാരകമായി പി.വി സിന്ദുവും

  • 08/08/2022

ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് സ്വര്‍ണം. വനിതാ വിഭാഗം ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെയാണു സിന്ധു തോല്‍പിച്ചത്. സ്‌കോര്‍ 21-15, 21-13. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ 19-ാം സ്വര്‍ണമാണ് സിന്ധുവിലൂടെ നേടിയിരിക്കുന്നത്.


21-15 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം ആദ്യ ഗെയിം സ്വന്തമാക്കിയത്. 11-8 എന്ന നിലയില്‍ ഒപ്പത്തിനൊപ്പം പോരാടിയ ശേഷമാണ് ആദ്യ ഗെയിം സിന്ധു നേടിയത്. മത്സരം കൈവിട്ട ലി നിരവധി പിഴവുകള്‍ വരുത്തുന്നതാണ് രണ്ടാം ഗെയിമില്‍ കണ്ടത്. ഇതോടെ സിന്ധുവിന്റെ മുന്നേറ്റം അനായാസമായി. 12-7 എന്ന നിലയില്‍നിന്ന് 13-10 എന്ന നിലയിലേക്കു കളി മാറ്റാന്‍ ലീയ്ക്കു സാധിച്ചു. എന്നാല്‍ പിഴവുകള്‍ രണ്ടാം ഗെയിമിലും ആവര്‍ത്തിച്ചതോടെ രണ്ടു സെറ്റുകളും ലോക ഒന്നാം നമ്പര്‍ താരം സ്വന്തമാക്കുകയായിരുന്നു.
മുന്‍ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവുമായ സിന്ധു കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലാണ് നേടിയത്. 2018 ഏഷ്യന്‍ ഗെയിംസിലും താരം വെള്ളി നേടിയിരുന്നു. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടിയ സിന്ധു 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും നേടിയിട്ടുണ്ട്. ഇത്തവണ ഒരു സ്വര്‍ണവും ഒരു വെള്ളിയുമാണ് താരത്തിന്റെ സമ്പാദ്യം. മിക്സഡ് ടീം ഇത്തില്‍ സിന്ധു നേരത്തേ വെള്ളി നേടിയിരുന്നു.

ലോക 14-ാം നമ്പര്‍ താരമാണ് കാനഡയുടെ മിഷേല്‍ ലി. ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ ഇന്നു ഫൈനല്‍ പോരാട്ടത്തിനിറങ്ങും. പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി, സാത്വിക് സായ് രാജ്, രങ്കിറെഡ്ഡി എന്നിവരും ഒന്നാം സ്ഥാനം നേടി ഇന്നിറങ്ങും. പുരുഷ ഹോക്കി ടീമിന് ഫൈനലില്‍ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ടേബിള്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ അചന്ദ ശരത് കമലും ഫൈനല്‍ കളിക്കും.

Related News