'പകരച്ചുങ്കത്തിന് പകരം'; അമേരിക്കയില്‍ നിന്നുള്ള 360 കോടി ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങല്‍ നിര്‍ത്തി; രാജ്‌നാഥ് സിങിന്റെ സന്ദര്‍ശനം റദ്ദാക്കി; റിപ്പോര്‍ട്ട്‌

  • 08/08/2025

അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തി വയ്ക്കാന്‍ ഇന്ത്യ നീക്കം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. താരിഫ് നിരക്ക് കുത്തനെ കൂട്ടിയ അമേരിക്കയുടെ നടപടിക്ക് പകരമായി ആയുധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവയ്ക്കുന്നതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കിയതായും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പട്ട ചര്‍ച്ച നടത്തുകയായിരുന്നു രാജ്‌നാഥ് സിങിന്റെ സന്ദര്‍ശനലക്ഷ്യം. എയര്‍ക്രാഫ്റ്റുകള്‍, ആന്റി ടാങ്ക് മിസൈലുകള്‍, സ്‌ട്രൈക്കര്‍ കോംപാക് വെഹിക്കിള്‍ എന്നിവ വാങ്ങുന്നതും നിര്‍ത്തും. 3.6 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം. ജനറല്‍ ഡൈനാമിക്‌സ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ തുടങ്ങിയ കമ്ബനികളില്‍ നിന്ന് ആയുധം വാങ്ങുന്നതാണ് നിര്‍ത്തിയത്.

ബോയിങിന്റെ ആറ് പി 81 എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാനുള്ള നടപടിയും നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ റിപ്പോര്‍ട്ടിനെ തള്ളി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. അമേരിക്കയില്‍ നിന്നുള്ള ആയുധ ഇടപാട് നിര്‍ത്തിവച്ചിട്ടില്ലെന്നാണ് വിശദീകരണം.

Related News