ജിഎസ്ടി 2.0; ഇന്ത്യ-കുവൈത്ത് വ്യാപാരം മെച്ചപ്പെടുത്തുമെന്ന് ഇന്ത്യൻ അംബാസഡർ

  • 10/09/2025


കുവൈത്ത് സിറ്റി: ഇന്ത്യയുടെ പുതിയ നികുതി പരിഷ്കാരങ്ങളായ ജിഎസ്ടി 2.0, കുവൈത്തുമായിട്ടുള്ള വ്യാപാരത്തിന് വലിയ സാധ്യതകൾ തുറക്കുമെന്ന് ഇന്ത്യയുടെ കുവൈത്തിലെ അംബാസഡർ ഡോ. ആദർശ് സ്വൈക. ഇടപാടുകളുടെ ചെലവ് കുറയ്ക്കാനും നടപടിക്രമങ്ങൾ ലളിതമാക്കാനും വിതരണ ശൃംഖലകൾക്ക് വേഗത കൂട്ടാനും ഈ പരിഷ്കാരങ്ങൾ സഹായിക്കും. ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമത നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ, തുണിത്തരങ്ങൾ, ഇന്ത്യൻ നിർമ്മിത കാറുകൾ, ആഭരണങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ കുവൈത്ത് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് സ്വൈക ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പുതിയ പരിഷ്കാരങ്ങൾ വഴി ഈ ഉൽപ്പന്നങ്ങൾ കുവൈത്തിന് കൂടുതൽ വേഗത്തിലും കുറഞ്ഞ വിലയിലും ലഭിക്കുമെന്നും, ഇത് കുവൈത്തിന് ഇന്ത്യയെ ഒരു വിശ്വസനീയമായ വിതരണക്കാരനും തന്ത്രപ്രധാന പങ്കാളിയുമായി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചതുപോലെ ഈ മാസം 22 മുതൽ പുതിയ സംവിധാനം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഘടനാപരമായ പരിഷ്കാരങ്ങൾ, നികുതി നിരക്കുകളുടെ ഏകീകരണം, നടപടിക്രമങ്ങൾ ലളിതമാക്കൽ എന്നീ മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പരിഷ്കാരങ്ങൾ.

Related News