ലഗേജില്‍ സാന്‍ഡ് വിച്ചുകള്‍ കൊണ്ടുവന്നു: യാത്രക്കാരന്‍ വന്‍തുക പിഴ

  • 02/08/2022



ഡാര്‍വിന്‍: ലഗേജില്‍ പ്രഭാത ഭക്ഷണത്തിനുള്ള സാന്‍ഡ് വിച്ചുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്താതെ വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരന്‍ വന്‍തുക പിഴ. ഇന്തോനേഷ്യയില്‍ നിന്നുള്ള യാത്രക്കാരനാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍ 2,664 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഒരു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയത്.

ഇന്തോനേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ് ബാലിയിലേക്കും വ്യാപിച്ചതോടെയാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍ കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്. ബാലിയില്‍ നിന്നാണ് യാത്രക്കാരന്‍ ഡാര്‍വിന്‍ വിമാനത്താവളത്തിലെത്തിയത്. 

ഇതോടെ വിമാന ടിക്കറ്റ് നിരക്കിനേക്കാള്‍ കൂടിയ തുക ഇയാള്‍ക്ക് സാന്‍ഡ് വിച്ച് കൊണ്ടുവന്നതിന് നല്‍കേണ്ടി വന്നിരിക്കുകയാണ്. മക്‌ഡൊണാള്‍ഡിന്റെ സാന്‍ഡ് വിച്ചാണ് ലഗേജില്‍ കണ്ടെത്തിയത്. ഡാര്‍വിന്‍ എയര്‍പോര്‍ട്ടിലെ ബയോസെക്യൂരിറ്റി ഡിറ്റക്റ്റര്‍ ഡോഗാണ് രണ്ട് മുട്ട, സോസേജ് മക്മഫിന്‍സും ഒരു ഹാം ക്രോസന്റും കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാലിയില്‍ ഫൂട്ട് ആന്‍ഡ് മൗത്ത് (എഫ് എം ഡി) ഡിസീസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍ സുരക്ഷ കര്‍ശനമാക്കിയത്. ഭക്ഷണം കണ്ടുകെട്ടി എഫ്എംഡി പരിശോധന നടത്തിയ ശേഷം നശിപ്പിച്ചതായി ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. ആളുകളുടെ വസ്ത്രങ്ങളിലൂടെയും ഭക്ഷണത്തിലൂടെയും വൈറസ് പടരാന്‍ സാധ്യതയുണ്ടെന്നും മനുഷ്യരെ സാരമായി ബാധിക്കില്ലെങ്കിലും ചെമ്മരിയാടുകള്‍, പന്നികള്‍ എന്നിങ്ങനെ ഓസ്‌ട്രേലിയയിലെ മൃഗങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്നും അധികൃതര്‍ വിശദമാക്കി. 

Related News