അഡോൾഫ് ഹിറ്റ്‌ലറുടെ വാച്ച് ലേലത്തിൽ വിറ്റത് 1.1 മില്ല്യൺ ഡോളറിന്: വെറുപ്പുളവാക്കുന്ന സംഭവമെന്ന് ജൂത നേതാക്കൾ

  • 31/07/2022



നാസി നേതാവ് അഡോൾഫ് ഹിറ്റ്‌ലറുടെതെന്നു പറയപ്പെടുന്ന ഒരു വാച്ച് യുഎസിൽ നടന്ന ലേലത്തിൽ വിറ്റു. 1.1 മില്യൺ ഡോളറിനാണ് (900,000 പൗണ്ട്) വാച്ച് വിറ്റത്. ആരാണ് ഇത് വാങ്ങിയത് എന്നത് അജ്ഞാതമായി തുടരുകയാണ്. വാച്ചിൽ ഒരു സ്വസ്തിക ചിഹ്നവും എഎച്ച് എന്ന അക്ഷരങ്ങളും ഉണ്ട്. 

മേരിലാൻഡിലെ അലക്‌സാണ്ടർ ഹിസ്റ്റോറിക്കൽ ലേലത്തിലാണ് വാച്ച് വിൽപ്പനയ്‌ക്ക് വച്ചത്. എന്നാൽ, ലേലത്തെ ജൂത നേതാക്കൾ അപലപിച്ചു. എന്നാൽ, ചരിത്രം സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതുകൊണ്ടാണ് ഇതുപോലെയുള്ളവ വിൽക്കുന്നത് എന്നുമാണ് ലേലശാല ജർമ്മൻ മാധ്യമങ്ങളോട് പറഞ്ഞത്. 

1933 -നും 1945 -നും ഇടയിൽ അഡോൾഫ് ഹിറ്റ്‌ലർ നാസി ജർമ്മനിയെ ഭരിച്ചു. അന്ന് 11 ദശലക്ഷത്തോളം ആളുകളെ കൊല്ലാൻ പദ്ധതിയിട്ടു. അവരിൽ ആറ് ദശലക്ഷം പേർ ജൂതന്മാരായിരുന്നതിനാൽ കൊല്ലപ്പെട്ടവരാണ്.

1933 -ൽ ഹിറ്റ്‍ലർ ജർമ്മനിയുടെ ചാൻസലറായി അധികാരമേറ്റ വർഷം അയാൾക്ക് സമ്മാനമായി കിട്ടിയതാണ് ഈ വാച്ച് എന്നാണ് കാറ്റലോ​ഗിൽ വിശദീകരിച്ചിരിക്കുന്നത്. ഈ വാച്ച് നിരവധി തലമുറകൾ കൈമാറ്റം ചെയ്യപ്പെട്ടു എന്ന് വിശ്വസിക്കുന്നു. 

ഹിറ്റ്‌ലറുടെ ഭാര്യ ഇവാ ബ്രൗണിന്റെ വസ്ത്രം, നാസി ഉദ്യോഗസ്ഥരുടെ ഓട്ടോഗ്രാഫ് ചെയ്ത ചിത്രങ്ങൾ, ജൂഡ് എന്ന് എഴുതിയിരിക്കുന്ന വസ്ത്രങ്ങൾ എന്നിവയും ഇതേ ലേലശാല ലേലം ചെയ്തതിൽ പെടുന്നു. ഹോളോകോസ്റ്റ് സമയത്ത്, നാസികൾ ജൂതന്മാരെ ഒറ്റപ്പെടുത്താനും ഉപദ്രവിക്കാനുമുള്ള ഉദ്ദേശ്യത്തോടെ മഞ്ഞ ഐഡന്റിഫയറുകൾ ബാഡ്ജുകളായി ധരിക്കാൻ നിർബന്ധിച്ചിരുന്നു.

34 ജൂത നേതാക്കൾ ഒപ്പിട്ട ഒരു തുറന്ന കത്തിൽ വിൽപ്പനയെ "വെറുപ്പുളവാക്കുന്നത്" എന്നാണ് വിശേഷിപ്പിച്ചത്. ഈ നാസി ഇനങ്ങളെല്ലാം ലേലത്തിൽ നിന്നും പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

Related News