ജോലി ക്യൂവിൽ നിൽക്കുക, ദിവസം തോറും 16000 രൂപയിലധികം സമ്പാദിച്ച് ഈ യുവാവ്

  • 16/01/2022

തിരക്കുള്ള സമയങ്ങളിൽ അത്യാവശ്യം സാധനം വാങ്ങാനായി ക്യൂവിൽ നിൽക്കേണ്ടി വരുമ്പോൾ ദേഷ്യം തോന്നാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ഇത്തരം സമയലാഭം നോക്കുന്നവരെ സഹായിച്ച് പണമുണ്ടാക്കുകയാണ് 31കാരനായ ഒരു യുവാവ്. വല്ലപ്പോഴും ഒന്ന് ചെന്ന് സഹായിക്കുന്നതല്ല ലണ്ടൻ സ്വദേശിയായ ഇയാളുടെ രീതി. ഇതൊരു സ്ഥിരം തൊഴിലാക്കി മാറ്റിയിരിക്കുകയാണ് ഫ്രെഡീ ബെക്കറ്റ് എന്ന മുപ്പത്തിയൊന്നുകാരൻ. ദിവസവും 16000 രൂപയോളമാണ് ഇത്തരത്തിൽ യുവാവ് ക്യൂവിൽ നിന്ന് സമ്പാദിക്കുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.

തൻറെ സേവനം ആവശ്യപ്പെടുന്നവർക്ക് വേണ്ടി ക്യൂവിൽ നിന്ന് സാധനം മേടിക്കുകയാണ് ജോലി. കൊവിഡ്  നിയന്ത്രണങ്ങൾ കർശനമാക്കുമ്പോൾ മിക്കയിടത്തും ക്യൂവിൽ നിന്നാണ് ആളുകൾ സാധനം മേടിക്കുന്നത്. അങ്ങനെ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വരുന്നതൊന്നും ഫ്രെഡീക്ക് പ്രശ്‌നമല്ല. ഗ്രോസറി സാധനങ്ങൾ, മദ്യം, പച്ചക്കറികൾ, ബേക്കറികൾ അങ്ങനെ എന്ത് സാധനം വാങ്ങാനും ക്യൂവിൽ നിൽക്കാൻ ഫ്രെഡീ ഒരുക്കമാണ്. ഒരു മണിക്കൂറിന് 20 പൌണ്ട് ഏകദേശം 2000 രൂപയാണ് ഈ യുവാവിൻറെ ഫീസ്. സാധനങ്ങൾ വാങ്ങാൻ മാത്രമല്ല തിരിച്ചുനൽകാൻ വേണ്ടിയുള്ള ക്യൂവിലും ഫ്രെഡീയെ കാണാറുണ്ടെന്നാണ് ലണ്ടനിലെ മാധ്യമങ്ങളുടെ റിപ്പോർട്ട്.

ഓരോ പരിപാടികളുടെ ടിക്കറ്റുകൾക്കായി ക്യൂവിൽ നിൽക്കുന്നതാണ്  ക്യൂ ജോബിൽ ക്ലേശകരവും അതുപോലെ ലാഭകരമെന്നുമാണ് ഫ്രെഡീ പ്രതികരിക്കുന്നത്. അറുപത് വയസോളം പ്രായം വരുമ്പ രണ്ട് ദമ്പതികൾക്ക് വേണ്ടി എട്ട് മണിക്കൂറോളം ക്യൂ നിന്ന് ഒരു പ്രദർശനത്തിനുള്ള ടിക്കറ്റ് നേടിയതാണ് ഇതുവരെ കാത്തുനിന്നതിൽ ഏറ്റവും ദൈർഘ്യമേറിയ കാത്തുനിൽപ്പെന്നാണ് ഈ യുവാവ് അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുടുംബങ്ങൾ മുതൽ യുവ തലമുറ അടക്കം ക്യൂവിൽ നിൽക്കാൻ തയ്യാറില്ലാത്ത നിരവധിപ്പേരാണ് ഫ്രെഡീക്ക് ക്ലയൻറുകളായി ഉള്ളത്.  

ബെവ്കോ  മദ്യഷോപ്പുകൾ പരിഷ്‌ക്കരിക്കുന്നതിൽ നയപരമായ മാറ്റം അനിവാര്യമെന്ന് കേരളാ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ബെവ്‌കോ ഔട്ട് ലെറ്റുകളിൽ ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സാധാരണ കടകളിലെ പോലെ ബെവ് കോ ഔട്ട് ലെറ്റുകളിലും കയറാൻ കഴിയണം. വിൽപ്പന രീതിയിൽ നയപരമായ മാറ്റം വേണമെന്നും കോടതി നിർദ്ദേശിച്ചു. 

അതേസമയം, വിദേശത്തുനിന്നും കൊച്ചിയിലെത്തുന്ന യാത്രക്കാർക്ക് ഉത്പന്നങ്ങൾ മുൻകൂട്ടി ഓൺലൈനായി ഓർഡർ ചെയ്യാനുള്ള നൂതന സൗകര്യമൊരുക്കി കൊച്ചിൻ ഡ്യൂട്ടി ഫ്രീ. കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cochindutyfree.com വഴി പ്രീ ഓർഡർ സംവിധാനത്തിലെത്തി പ്രൊഡക്ടുകൾ കണ്ട് തിരഞ്ഞെടുക്കാം. ഓഫറുകൾ, വില തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ അറിയാം. ഡ്യൂട്ടി ഫ്രീയുടെ അറൈവൽ സ്റ്റോറിലാണ് നിലവിൽ പ്രീ ഓർഡർ സൗകര്യം ലഭ്യമാവുക. ഷോപ്പിൽ എത്തിയാൽ പ്രത്യേക  കൗണ്ടറിൽ പണം നൽകി കസ്റ്റമർക്ക് ഓർഡർ ചെയ്ത പ്രൊഡക്ടുകൾ സ്വീകരിക്കാം. ഇതുവഴി സമയം ലാഭിക്കാമെന്ന് മാത്രമല്ല, പ്രീ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക്  പ്രത്യേക ഡിസ്‌കൗണ്ടുകളും കൊച്ചിൻ ഡ്യൂട്ടി ഫ്രീ നൽകുന്നുണ്ട്.

Related News