ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കുവൈത്തിൽ കർശന നടപടികൾ; ഒരാഴ്ചയ്ക്കിടെ 27,593 കേസുകൾ രജിസ്റ്റർ ചെയ്തു

  • 11/08/2025



കുവൈത്ത് സിറ്റി: രാജ്യത്തുടനീളം ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (GTD) നടത്തിയ ഗതാഗത പരിശോധനകളിൽ ഒരാഴ്ചയ്ക്കിടെ 27,593 നിയമലംഘനങ്ങൾ കണ്ടെത്തി. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 28 കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.

ഗതാഗത വകുപ്പിന്റെ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച്, നിയമലംഘനം നടത്തിയ 16 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടുകയും, 27 പേരെ ട്രാഫിക് പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ, കോടതി ആവശ്യപ്പെട്ട 65 വാഹനങ്ങൾ പിടിച്ചെടുക്കുകയും, വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായ 56 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. താമസരേഖയുടെ കാലാവധി കഴിഞ്ഞ 115 പേരെയും, മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ഒരാളെയും അറസ്റ്റ് ചെയ്ത് അതത് വകുപ്പുകൾക്ക് കൈമാറി.

ഈ കാലയളവിൽ ആകെ 1,224 വാഹനാപകടങ്ങൾ നടന്നതായും, അതിൽ 178 പേർക്ക് പരിക്കേറ്റതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

Related News