പഴയ ടയറുകൾ പുതുക്കി വിൽക്കുന്ന ഗോഡൗണിൽ വാണിജ്യ വ്യവസായ മന്ത്രാലയം റെയ്ഡ്, 1900 ടയറുകൾ പിടിച്ചെടുത്തു

  • 18/07/2025


കുവൈത്ത് സിറ്റി: ഉപയോഗിച്ച ടയറുകൾ പുതിയതെന്ന പേരിൽ അനധികൃതമായി പുനർനിർമ്മിച്ച് വിപണനം ചെയ്തിരുന്ന ഗോഡൗണിൽ വാണിജ്യ വ്യവസായ മന്ത്രാലയം റെയ്ഡ് നടത്തി. സുരക്ഷാ മാനദണ്ഡങ്ങളുടെയും വാണിജ്യ നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണിത്. വിപുലമായ അന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് മന്ത്രാലയത്തിന്‍റെ അടിയന്തര പരിശോധനാ സംഘം ഗോഡൗണിൽ റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് 1,900-ൽ അധികം ടയറുകൾ പിടിച്ചെടുത്തതായി മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 

ഉപയോഗിച്ച ടയറുകൾ അംഗീകൃത സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പുനർനിർമ്മിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പൊതുജനങ്ങൾക്ക് വലിയ അപകടമുണ്ടാക്കുന്നതും വാണിജ്യപരമായ തട്ടിപ്പുമാണ്. പുനരുപയോഗിച്ച ടയറുകൾ പ്രാദേശിക വിപണിയിൽ വിതരണം ചെയ്യാൻ ഗോഡൗൺ തയ്യാറെടുത്തിരുന്നതായും ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ജീവന് ഭീഷണിയാകുകയും ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. നിയമലംഘകർക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, കൂടുതൽ അന്വേഷണങ്ങൾക്കും ശിക്ഷാ നടപടികൾക്കുമായി കേസ് ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News