കുവൈത്തിന് പുതിയ വൈദ്യശാസ്ത്ര നേട്ടം: 5,000 കി.മീ അകലെനിന്ന് റോബോട്ടിക് ശസ്ത്രക്രിയ പൂർത്തിയാക്കി

  • 17/07/2025



കുവൈത്ത് സിറ്റി: ആരോഗ്യ മേഖലയിൽ പുതിയൊരു വൈദ്യശാസ്ത്ര നേട്ടം കൈവരിച്ചതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. വിദൂര ശസ്ത്രക്രിയാ സാങ്കേതിക വിദ്യ ഉപയോഗിച്ച് സർജിക്കൽ റോബോട്ട് (MEDBOT) വഴി റാഡിക്കൽ പ്രോസ്റ്റേറ്റ്ക്ടമി വിജയകരമായി പൂർത്തിയാക്കി. പ്രത്യേക ശസ്ത്രക്രിയകളുടെയും നൂതന റോബോട്ടിക് ശസ്ത്രക്രിയകളുടെയും രംഗത്ത് കുവൈത്ത് കൈവരിച്ച പുരോഗതിയുടെ ഉദാഹരണമാണിത്.

60 വയസ്സുകാരനായ ഒരു രോഗിയുടെ നോൺ-മെറ്റാസ്റ്റാറ്റിക് പ്രോസ്റ്റേറ്റ് കാൻസറിനുള്ള ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സബാഹ് സ്പെഷ്യലൈസ്ഡ് മെഡിക്കൽ ഡിസ്ട്രിക്റ്റിലെ സബാഹ് അൽ-അഹമ്മദ് കിഡ്നി ആൻഡ് യൂറോളജി സെന്ററിൽ വെച്ചാണ് ശസ്ത്രക്രിയ നടന്നത്.

രോഗിയിൽ നിന്ന് ഏകദേശം 5,000 കിലോമീറ്റർ അകലെ ഫ്രാൻസിലെ സ്ട്രാസ്ബർഗ് നഗരത്തിൽ നിന്നാണ് കുവൈത്തി സർജനും കിഡ്നി, യൂറോളജി സർജറി കൺസൾട്ടന്റുമായ ഡോ. സാദ് അൽ-ദോസരി ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

Related News