വേനലവധി ആരംഭിച്ചതോടെ ട്രാഫിക് പരിശോധന ശക്തം; നിരവധി പേർ അറസ്റ്റിൽ

  • 10/07/2025


കുവൈത്ത് സിറ്റി: വേനലവധി ആരംഭിച്ചതോടെ ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെയുള്ള പരിശോധനകൾ ട്രാഫിക് പോലീസ് ശക്തമാക്കി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 37 കൗമാരക്കാരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ട്രാഫിക് പട്രോൾ വിഭാഗത്തിന്റെ പ്രതിവാര കണക്കുകൾ പ്രകാരം 18,741 ട്രാഫിക് നിയമലംഘന നോട്ടീസുകളാണ് ഈ ദിവസങ്ങളിൽ പുറത്തിറക്കിയത്. 46 വാഹനങ്ങൾ പിടിച്ചെടുക്കുകയും 57 വാറണ്ടുള്ള വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടാതെ, അസ്വാഭാവിക സാഹചര്യങ്ങളിൽ കണ്ടെത്തിയ മൂന്ന് പേരെയും, തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്ന 22 പേരെയും, താമസ നിയമങ്ങൾ ലംഘിച്ച 116 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇവർ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരും ഒളിവിലായിരുന്നവരുമാണ്. അതേസമയം, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എമർജൻസി പട്രോൾസിലെ ഉദ്യോഗസ്ഥർ മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും 46 പേരെ അറസ്റ്റ് ചെയ്ത് ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിന് (DCGD) കൈമാറി. കൗമാരക്കാർക്കിടയിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ കർശന നടപടികൾ. അവധിക്കാലത്ത് ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പോലീസ് പരിശോധനകൾ ഊർജിതമാക്കിയിരിക്കുന്നത്.

Related News