കുവൈത്ത് ആരോഗ്യ സേവനങ്ങൾ ഇനി 'സാലെം' ആപ്പിൽ: ഡിജിറ്റൽ പരിവർത്തനത്തിന് തുടക്കമായി

  • 21/11/2025



കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിൻ്റെ ഡിജിറ്റൽ പരിവർത്തന തന്ത്രത്തിൻ്റെ ഭാഗമായി, കുവൈത്തിലെ ആരോഗ്യ സേവനങ്ങൾക്കായുള്ള ഔദ്യോഗിക ആപ്ലിക്കേഷനായ 'സാലെം' ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാധി ബുധനാഴ്ച പുറത്തിറക്കി. പൗരന്മാർക്കും പ്രവാസികൾക്കും സുരക്ഷിതമായും വേഗത്തിലും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനും അവരുടെ ആരോഗ്യ വിവരങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും 'സാലെം' ആപ്പ് 'കുവൈത്ത് സഹ' എന്ന പഴയ ആപ്പിന് പകരമാകും.

ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും അപ്പോയിൻ്റ്‌മെൻ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ ഇത് രോഗികളെ സഹായിക്കും. മെഡിക്കൽ രേഖകൾ വേഗത്തിൽ കൈകാര്യം ചെയ്യാനും ലാബ് പരിശോധനാ ഫലങ്ങൾ, മെഡിക്കൽ രേഖകൾ, കഴിക്കുന്ന മരുന്നുകൾ എന്നിവ കാണാനും ഉപയോക്താക്കൾക്ക് കഴിയും. വരാനിരിക്കുന്ന അപ്പോയിൻ്റ്‌മെൻ്റുകളെക്കുറിച്ചും പ്രതിരോധ പരിശോധനകളെക്കുറിച്ചും സമയബന്ധിതമായ അലേർട്ടുകൾ ആപ്ലിക്കേഷൻ നൽകും.മെഡിക്കൽ വിവരങ്ങൾ പങ്കുവെക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കുന്നതിനും ഇത് മറ്റ് സർക്കാർ സേവനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

പൊതുജനാരോഗ്യ പരിപാടികൾ, വിട്ടുമാറാത്ത രോഗ നിയന്ത്രണം, ഫാർമസ്യൂട്ടിക്കൽ സേവനങ്ങൾ, വീടുകളിലെ ആരോഗ്യ സംരക്ഷണം എന്നിവ ഉൾക്കൊള്ളുന്നതിനായി ആപ്പിൻ്റെ ഉപയോഗം വിപുലീകരിക്കുന്നത് തുടരുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പിച്ചു പറഞ്ഞു. കമ്യൂണിക്കേഷൻസ് കാര്യങ്ങൾക്കുള്ള സഹമന്ത്രി ഒമർ സൗദ് അൽ-ഒമറിൻ്റെയും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ സെൻ്ററിൽ വെച്ച് നടന്ന വീഡിയോ അവതരണത്തിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Related News