ഡിജിറ്റൽ വ്യാപാര മേഖല നിയന്ത്രിക്കാൻ പുതിയ നിയമം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • 20/11/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ ഡിജിറ്റൽ വ്യാപാര മേഖലയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ നിയമനിർമ്മാണ സംവിധാനങ്ങളെ ആധുനികവൽക്കരിക്കുന്നതിനായുള്ള സുപ്രധാന ചുവടുവെപ്പാണിത്. ബയാൻ കൊട്ടാരത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. ഈ മേഖലയെ ചിട്ടപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക സ്വാതന്ത്ര്യവും നിയന്ത്രണങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താനും, അതുവഴി അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും രാജ്യത്തിന്‍റെ പദവി ഉയർത്താനും സഹായിക്കുന്ന ഒരു സമഗ്ര നിയമ ചട്ടക്കൂടായാണ് മന്ത്രിസഭ ഈ ബില്ലിനെ കാണുന്നതെന്ന് കാബിനറ്റ് കാര്യ സഹമന്ത്രി ഷെരീദ അൽ മൗഷെജ്രി യോഗത്തിന് ശേഷം അറിയിച്ചു.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, വ്യാപാര പ്രവർത്തനങ്ങൾ, ഇ-സേവനങ്ങൾ എന്നിവയിലെ ത്വരിതഗതിയിലുള്ള മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാനുള്ള രാജ്യത്തിന്റെ താൽപ്പര്യത്തിന് അനുസൃതമായാണ് ഈ ബില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തുടർനടപടികൾക്കായി ബില്ല് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിന്നുമായി നടത്തിയ ഔദ്യോഗിക ചർച്ചകളുടെ ഫലങ്ങളെക്കുറിച്ചും പ്രധാനമന്ത്രി മന്ത്രിസഭയെ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുതാൽപ്പര്യങ്ങൾ മുൻനിർത്തി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തത്.

Related News