ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റ് ഓഫീസ് റെയ്ഡ്: കുവൈത്തിൽ മനുഷ്യക്കടത്തിന് 1,300 ദിനാർ വരെ ഈടാക്കി

  • 18/11/2025



കുവൈത്ത് സിറ്റി: റുമൈത്തിയ റെസിഡൻഷ്യൽ ഏരിയയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒരു ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്‍റ് ഓഫീസിനെതിരെ നടപടി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശപ്രകാരം, താമസാനുമതിയും വിസകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് നടപടികൾ കടുപ്പിക്കുകയാണ്. ഈ ഓഫീസ് മനുഷ്യക്കടത്തിലും പണത്തിന് പകരമായി വിസകൾ തരപ്പെടുത്തുന്നതിലും ഏർപ്പെട്ടിരുന്നതായി കണ്ടെത്തി. തൊഴിലുടമകളായി പ്രവർത്തിക്കുന്ന കുവൈത്തി പൗരന്മാരുടെ ഒരു ശൃംഖല വഴിയാണ് ഓഫീസ് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്നത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

തൊഴിലാളികൾ കുവൈത്തിൽ എത്തിക്കഴിഞ്ഞാൽ, ഓഫീസ് അവരെ മറ്റ് വ്യക്തികളിലേക്ക് കൈമാറ്റം ചെയ്യുകയും, അതിനായി ഒരു ഏഷ്യൻ തൊഴിലാളിക്ക് 1,200 മുതൽ 1,300 കുവൈത്തി ദിനാർ വരെ ഈടാക്കുകയും ചെയ്തു. ഇത് അധികൃതർ നിശ്ചയിച്ച ഔദ്യോഗിക ഫീസിനേക്കാൾ വളരെ കൂടുതലാണ്. ഇതിനുപുറമെ, വിസകൾ നേടുന്നതിന് സഹായം നൽകിയ പൗരന്മാർക്ക് റിക്രൂട്ട്‌മെൻ്റ് നടപടികൾ സുഗമമാക്കിയതിന് ഒരു ഏഷ്യൻ തൊഴിലാളിക്ക് 50 മുതൽ 100 കുവൈത്തി ദിനാർ വരെ ലഭിച്ചു. ഈ പദ്ധതിയിൽ ഉൾപ്പെട്ട എല്ലാവരെയും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.

Related News