വ്യാജരേഖ ചമച്ച് കുവൈത്തി പൗരത്വം നേടി; പ്രവാസിക്ക് ജീവപര്യന്തവും 13 കോടി രൂപ പിഴയും

  • 20/11/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ ഞെട്ടിക്കുന്ന പൗരത്വ തട്ടിപ്പ് കേസിൽ സുഡാൻ സ്വദേശിക്ക് ക്രിമിനൽ കോടതി ജീവപര്യന്തം തടവും 4,80,000 ദിനാർ (ഏകദേശം 13 കോടി രൂപ) പിഴയും ശിക്ഷ വിധിച്ചു. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നിയമസംവിധാനത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. 1993ൽ മാതാപിതാക്കൾ ആരാണെന്ന് അറിയില്ലെന്ന് അവകാശപ്പെട്ട് ആർട്ടിക്കിൾ മൂന്ന് പ്രകാരമുള്ള ആനുകൂല്യം മുതലെടുത്താണ് ഇയാൾ കുവൈത്തി പൗരത്വം നേടിയത്. ഈ പുതിയ വിലാസം ഉപയോഗിച്ച് പ്രതിരോധ മന്ത്രാലയത്തിൽ ജോലി നേടിയെങ്കിലും, പിന്നീട് സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിനെത്തുടർന്ന് ഇയാളെ പിരിച്ചുവിട്ടിരുന്നു.

വർഷങ്ങളോളം പിടിക്കപ്പെടാതെ കഴിഞ്ഞ ഇയാൾ 2010ൽ സുഡാനിലേക്ക് മടങ്ങി. തന്‍റെ വ്യാജ പൗരത്വം ഒരിക്കലും കണ്ടുപിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇയാൾ. എന്നാൽ നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ പതിവ് പരിശോധനയ്ക്കിടെ ഇയാളുടെ ഫയലിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് സത്യം പുറത്തുവരാൻ തുടങ്ങിയത്. തുടർന്ന് വിദേശകാര്യ മന്ത്രാലയം വഴി സുഡാനീസ് അധികൃതരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ യഥാർത്ഥ രേഖകൾ കണ്ടെടുത്തു. ഇയാൾ അനാഥനല്ലെന്നും കുടുംബത്തോടൊപ്പം കഴിയുന്ന സുഡാൻ പൗരനാണെന്നും അന്വേഷണത്തിൽ വ്യക്തമായി. 1993 മുതൽ 2024 വരെ ഇയാൾ കെട്ടിപ്പടുത്ത പൗരത്വ രേഖകളെല്ലാം വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് കോടതി കനത്ത ശിക്ഷ വിധിച്ചത്.

Related News