അമിത വേഗത കുറയ്ക്കാൻ കർശന നടപടി; കുവൈത്തിലെ പ്രധാന ഹൈവേകളിൽ നൂതന റഡാർ ഉപയോഗിച്ച് വിപുലമായ ട്രാഫിക് പരിശോധന ശക്തമാക്കി

  • 25/10/2025


കുവൈത്ത് സിറ്റി: അശ്രദ്ധമായ ഡ്രൈവിംഗ് തടയുന്നതിനും വേഗപരിധി ഉറപ്പാക്കുന്നതിനും വാഹനമോടിക്കുന്നവരിൽ ട്രാഫിക് അച്ചടക്കം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് രാജ്യത്തെ പ്രധാന ഹൈവേകളിൽ വിപുലമായ ട്രാഫിക് പരിശോധനാ ക്യാമ്പയിൻ നടത്തി. നൂതന റഡാർ നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ പരിശോധനകൾ നടത്തിയത്. ട്രാഫിക് കാര്യങ്ങളുടെയും ഓപ്പറേഷൻസ് സെക്ടറിന്‍റേയും തലവൻ ബ്രിഗേഡിയർ അബ്ദുല്ല അഹമ്മദ് അൽ-അതീഖി, ട്രാഫിക് റെഗുലേഷൻസ് കാര്യങ്ങളുടെ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ബദർ ഗാസി അൽ-ഖത്താൻ എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പെയ്ൻ നടന്നത്.

നിയമപരമായ വേഗപരിധി ലംഘിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുക, അതുവഴി അപകടസാധ്യത കുറയ്ക്കുക, റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയായിരുന്നു ഈ ക്യാമ്പയിനിന്‍റെ പ്രധാന ലക്ഷ്യം. റോഡ് സുരക്ഷാ സംസ്കാരം ശക്തിപ്പെടുത്തുന്നതിനും ജീവന് ഭീഷണിയാകുന്ന നിയമലംഘനങ്ങൾ തടയുന്നതിനും ഇത്തരം ഫീൽഡ് ഓപ്പറേഷനുകൾ പതിവായി നടത്താറുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തുടനീളം സുരക്ഷിതവും കൂടുതൽ ചിട്ടയുള്ളതുമായ റോഡുകൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ, ഹൈവേകളിൽ കർശനമായ നിരീക്ഷണം നിലനിർത്തുമെന്നും നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ നടപ്പിലാക്കുമെന്നും ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ആവർത്തിച്ച് വ്യക്തമാക്കി.

Related News