ചരിത്രനേട്ടം; കുവൈത്തിൽ നിന്ന് ആദ്യമായി വേൾഡ് സയൻസ് സ്കോളർഷിപ്പ് നേടി അർണവ് റായ്

  • 25/10/2025



കുവൈത്ത് സിറ്റി/സിംഗപ്പൂർ: കുവൈത്തിലെ ഫഹാഹീൽ അൽ വതനിയ ഇന്ത്യൻ പ്രൈവറ്റ് സ്‌കൂളിലെ മുൻ വിദ്യാർത്ഥിയായിരുന്ന അർണവ് റായ്ക്ക് ലോകോത്തര നേട്ടം. അഭിമാനകരമായ വേൾഡ് സയൻസ് സ്കോളർ പദവി നേടുന്ന കുവൈത്തിലെ ആദ്യ വിദ്യാർത്ഥിയായി 15-കാരനായ അർണവ് മാറി. നിലവിൽ സിംഗപ്പൂരിൽ പഠിക്കുന്ന അർണവ്, പൂർണ്ണമായും ഫണ്ട് ചെയ്യുന്ന ഈ സ്കോളർഷിപ്പിന്റെ ഭാഗമായി അടുത്ത ഒരു വർഷം ആധുനിക ശാസ്ത്ര വിഷയങ്ങൾ പഠിക്കും. പാർട്ടിക്കിൾ ഫിസിക്സ്, ജീൻ എഡിറ്റിംഗ്, ന്യൂറോസയൻസ്, നാനോസയൻസ്, ആസ്ട്രോബയോളജി, സ്ട്രിംഗ് തിയറി തുടങ്ങിയ സങ്കീർണ്ണ വിഷയങ്ങളാണ് അർണവ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുമായി നേരിട്ടുള്ള ഉപദേശം, ലൈവ് സെമിനാറുകൾ, സംവേദനാത്മക പ്രോജക്റ്റുകൾ എന്നിവയിലൂടെയായിരിക്കും അർണവിന്റെ ഈ യാത്ര. അതിപ്രശസ്തമായ വേൾഡ് സയൻസ് ഫെസ്റ്റിവൽ സ്ഥാപിച്ച ഒരു പ്രത്യേക സംരംഭമാണ് വേൾഡ് സയൻസ് സ്കോളേഴ്‌സ് പ്രോഗ്രാം. ലോകമെമ്പാടുമുള്ള കണക്ക്, ശാസ്ത്ര വിഷയങ്ങളിൽ അസാധാരണ കഴിവുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി പിന്തുണയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സങ്കീർണ്ണമായ ശാസ്ത്ര ആശയങ്ങൾ പഠിക്കാനും അതത് മേഖലകളിലെ പ്രമുഖ വിദഗ്ധരുമായി നേരിട്ട് ഇടപെഴകാനും ഇത് യുവ ശാസ്ത്രജ്ഞർക്ക് അവസരം നൽകുന്നു. ഈ വർഷം ലോകമെമ്പാടുമായി 52 വിദ്യാർത്ഥികളെ മാത്രമാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഇത് അർണവിന്റെ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.

Related News