ഗൾഫ് റെയിൽവേ 2030 ഡിസംബറിൽ പൂർത്തിയാക്കും; ആറ് ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന മെഗാ പദ്ധതി ദ്രുതഗതിയിൽ

  • 25/10/2025


അബുദാബി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൾഫ് റെയിൽവേ പദ്ധതി 2030 ഡിസംബറോടെ പൂർത്തിയാക്കാനായി ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ സംയുക്ത ശ്രമങ്ങൾ തുടരുകയാണെന്ന് ഗൾഫ് റെയിൽവേ അതോറിറ്റി സ്ഥിരീകരിച്ചു. പദ്ധതി പൂർത്തിയാക്കുന്നതിനുള്ള അവസാന ലക്ഷ്യമായി 2030 ഡിസംബർ നിശ്ചയിച്ചതായി അതോറിറ്റി അറിയിച്ചു. അബുദാബിയിൽ നടന്ന രണ്ടാമത് വേൾഡ് റെയിൽ 2025 എക്സിബിഷൻ ആൻഡ് കോൺഗ്രസിനിടെ ഗൾഫ് റെയിൽവേ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ ഫഹദ് അൽ ശബ്രമിയാണ് ഈ പ്രഖ്യാപനം നടത്തിയത്.

കുറഞ്ഞത് 2,117 കിലോമീറ്റർ ദൂരത്തിൽ ആറ് ജിസിസി രാജ്യങ്ങളായ കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഒമാൻ എന്നിവയെ ബന്ധിപ്പിക്കുന്ന ഈ റെയിൽവേ ശൃംഖല, മേഖലയിലെ തന്ത്രപ്രധാനമായ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസനങ്ങളിലൊന്നാണ്. പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ ഏകോപിതമായും സംയോജിപ്പിച്ചും പൂർത്തിയാക്കാൻ ജിസിസി അംഗരാജ്യങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ രാജ്യത്തിൻ്റെയും ആഭ്യന്തര റെയിൽ സംവിധാനങ്ങളുമായി ഈ ലൈനുകൾ തടസ്സമില്ലാതെ ബന്ധിപ്പിക്കുമെന്ന് അൽ ശബ്രമി അറിയിച്ചു. ഗൾഫ് റെയിൽവേ പൂർത്തിയാകുന്നതോടെ ഗൾഫ് മേഖലയുടെ ഗതാഗത ഇക്കോസിസ്റ്റത്തിലെ ഒരു പ്രധാന ഘടകമായി ഇത് മാറും. ഇത് സാമ്പത്തിക സഹകരണം, വ്യാപാര കാര്യക്ഷമത, യാത്രക്കാരുടെ സഞ്ചാരം എന്നിവ വർദ്ധിപ്പിക്കും.

Related News