വ്യാജ വാടക കരാറുകൾ നിർമ്മിച്ച് സിവിൽ ഐ.ഡി. നേടിക്കൊടുത്തു: 180 ദിനാറിന് കരാറുണ്ടാക്കിയ പ്രവാസി അറസ്റ്റിൽ

  • 17/10/2025



കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി സിവിൽ ഐ.ഡി. കാർഡുകൾ നേടാൻ പ്രവാസികളെ സഹായിക്കുന്നതിനായി ഡസൻ കണക്കിന് വ്യാജ വാടക കരാറുകൾ നിർമ്മിച്ചതിന് അറബ് പ്രവാസിയെ ഫോർജറി ആൻഡ് കൗണ്ടർഫീറ്റിംഗ് വിഭാഗം അറസ്റ്റ് ചെയ്തു. ഒരേ വിലാസങ്ങളിൽ ഒന്നിലധികം പ്രവാസികളുടെ സിവിൽ ഐ.ഡി. കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് രേഖാപരമായ തട്ടിപ്പ് സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിരുന്നുവെന്ന് ഒരു സുരക്ഷാ വൃത്തം അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ (PACI) സമർപ്പിച്ച നിരവധി വാടക കരാറുകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ നിരവധി പ്രവാസികൾ, ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ട ഒരാളെ കണ്ടുമുട്ടിയതായി മൊഴി നൽകി.സിവിൽ ഐ.ഡി. നേടുന്നതിനായി താമസരേഖയായി സമർപ്പിക്കാൻ വേണ്ടി ഓരോരുത്തരും 180 കുവൈത്ത് ദിനാർ നൽകിയതായി ഇവർ സമ്മതിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിൽ, ഇയാൾ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിലെ മുൻ പ്രതിനിധിയായിരുന്നു എന്ന് തിരിച്ചറിഞ്ഞു. സത്യസന്ധതയില്ലായ്മയുടെ പേരിൽ ഒരു വർഷം മുമ്പ് കമ്പനി ഇയാളെ പിരിച്ചുവിട്ടിരുന്നു. എന്നാൽ, കമ്പനിയുടെ ഔദ്യോഗിക സീലുകളും രേഖകളും ഇയാൾ കൈവശം വെക്കുകയും പിന്നീട് വ്യാജ കരാറുകൾ നിർമ്മിക്കാൻ അത് ഉപയോഗിക്കുകയുമായിരുന്നു എന്ന് വ്യക്തമായി. പ്രതിയെ ബന്ധപ്പെട്ട നിയമനടപടികൾക്കായി അധികൃതർക്ക് കൈമാറി.

Related News