ആശുപത്രി പരിസരങ്ങളിലെ പാർക്കിംഗ് നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 361 കേസുകൾ രജിസ്റ്റർ ചെയ്ത് ഗതാഗത വകുപ്പ്

  • 16/10/2025


കുവൈത്ത് സിറ്റി: ആശുപത്രി പരിസരങ്ങളിലെ അനധികൃത പാർക്കിംഗും ഗതാഗത തടസ്സവും നിയന്ത്രിക്കുന്നതിനുള്ള ഊർജ്ജിത പരിശോധനകൾ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് തുടരുന്നു. അടുത്തിടെ 24 മണിക്കൂറിനുള്ളിൽ മാത്രം 361 നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തി കേസെടുത്തത്. അമീരി ഹോസ്പിറ്റൽ 118 കേസുകൾ (നോ-പാർക്കിംഗ്, ഗതാഗത തടസ്സം), ജഹ്‌റ ഹോസ്പിറ്റൽ 104 കേസുകൾ, അദാൻ ഹോസ്പിറ്റൽ 80 കേസുകൾ, ഫർവാനിയ ഹോസ്പിറ്റൽ 59 കേസുകൾ എന്നിങ്ങനെയാണ് നടപടികൾ സ്വീകരിച്ചത്. 

എല്ലാ ആശുപത്രികളിലും ഗതാഗത പരിശോധനകൾ തുടരുമെന്ന് ജിടിഡി അറിയിച്ചു. ഗതാഗത നിയമലംഘനങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ നിർദ്ദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിൽ, പ്രത്യേകിച്ച് മൾട്ടി-ലെവൽ പാർക്കിംഗ് സൗകര്യങ്ങളിൽ, വാഹനം നിർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. നിലവിലെ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾക്ക് കേസെടുക്കുന്നതിന് പുറമെ, ഗതാഗത നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് ആർട്ടിക്കിൾ 207 അനുസരിച്ച്, നിയമം ലംഘിച്ച വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾ പരമാവധി രണ്ട് മാസത്തേക്ക് പിടിച്ചെടുക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

Related News