കുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ്: പൊലീസ് ലുക്കൗട്ട് നോട്ടീസ്, കോട്ടയത്തും എറണാകുളത്തുമായി നിരവധി കേസുകൾ

  • 26/09/2025



കുവൈറ്റ് സിറ്റി : കുവൈത്തിലെ അൽ അഹ്ലി ബാങ്കിൽ നിന്നും 60 ലക്ഷം മുതൽ ഒന്നര കോടി രൂപ വരെ വായ്പ എടുത്ത ശേഷം മുങ്ങിയെന്ന ആരോപണത്തിൽ പൊലീസിന്റെ അന്വേഷണം ശക്തമാവുകയാണ്. പ്രതികളായ മലയാളികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പോലീസ് നീക്കങ്ങൾ തുടങ്ങി.

കേരളത്തിലെ കോട്ടയത്തും എറണാകുളത്തും ചേർന്ന് 12 കേസുകളാണ് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തലനുസരിച്ച്, പ്രതികളിൽ ഭൂരിഭാഗവും വിദേശത്തേക്ക് കുടിയേറിയിരിക്കാം. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസുകളുടെ എണ്ണവും തുകയും കൂടി നോക്കുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുന്നു.

കോട്ടയം ജില്ലയിലാണ് കൂടുതലായും കേസുകൾ. അവയിൽ എട്ടു കേസുകൾ മാത്രം ചേർത്ത് നോക്കുമ്പോൾ 7.5 കോടി രൂപയോളം വരുന്ന തട്ടിപ്പുകളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വൈക്കത്ത്, 86.65 ലക്ഷം രൂപയുടെ കേസിൽ പടിഞ്ഞാറേ നട സ്വദേശി ജിഷ പ്രതിയാണ്.

വെള്ളൂരിൽ, 61 ലക്ഷം രൂപ തട്ടിപ്പിന് കീഴൂർ സ്വദേശി റോബി മാത്യുക്കെതിരെ കേസ്.

തലയോലപ്പറമ്പിൽ, 1.20 കോടിയുടെ ഏറ്റവും വലിയ തട്ടിപ്പിൽ പ്രിയദർശൻ പ്രതിയാക്കപ്പെട്ടിട്ടുണ്ട്.

അയർകുന്നത്ത്, 81 ലക്ഷം രൂപ;

കടുത്തുരുത്തിയിൽ, 80 ലക്ഷം രൂപയുടെ കേസുകൾ. പ്രതികൾ: കൊങ്ങാണ്ടൂർ ടോണി പൂവേലി, റെജിമോൻ (കടുത്തുരുത്തി).

കുറവിലങ്ങാട് പൊലീസ് മൂന്ന് പേരെ പ്രതികളാക്കി: ഉഴവൂർ സ്വദേശികളായ സിജോ മോൻ ഫിലിപ്പ് (73.17 ലക്ഷം), ജോജോ മാത്യു (86.45 ലക്ഷം), സുമിത മേരി (61.90 ലക്ഷം).

പോലീസിന്റെ വിലയിരുത്തലനുസരിച്ച്, കേസുകളുടെ എണ്ണം കൂടിയും തുകയുടെ വലുപ്പവും കൂടി നോക്കുമ്പോൾ ഇത് കേരളത്തിൽ നടന്ന വലിയൊരു അന്താരാഷ്ട്ര സാമ്പത്തിക തട്ടിപ്പ് സംഭവമായി മാറുകയാണ്.

Related News