ജഹ്റയിൽ മുനിസിപ്പാലിറ്റിയുടെ വ്യാപക പരിശോധന; രണ്ട് കടകൾ അടപ്പിച്ചു

  • 17/09/2025



കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിൽ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പരിശോധന സംഘം നടത്തിയ റെയ്ഡിൽ രണ്ട് കടകൾ അടപ്പിച്ചു. 40 പരസ്യ നിയമലംഘനങ്ങളും 28 മുന്നറിയിപ്പുകളും നൽകിയതായി മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

ജഹ്റയിലെ ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെൻ്റാണ് പരിശോധന നടത്തിയത്. കടകളുടെ ആരോഗ്യ ലൈസൻസുകളും പരസ്യ പെർമിറ്റുകളും കൃത്യമാണോയെന്ന് ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇത് ജഹ്റ ഗവർണറേറ്റിൽ പ്രത്യേക പരിശോധനാ സംഘം നടത്തുന്ന മൂന്നാമത്തെ ഫീൽഡ് ക്യാമ്പയിനാണ്. നിയമലംഘനങ്ങൾ കൂടുതലായി നടക്കുന്ന സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തിയത്. നിയമപാലനം ഉറപ്പാക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ വിപുലമായ പദ്ധതിയുടെ ഭാഗമാണ് ഈ പരിശോധനകൾ. വരും ആഴ്ചകളിൽ കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും പരിശോധന നടത്താൻ മുനിസിപ്പാലിറ്റി പദ്ധതിയിടുന്നുണ്ട്. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ഒരു സമയക്രമം തയ്യാറാക്കിയിട്ടുണ്ടെന്നും പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

Related News