സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഗതാഗത നിയമലംഘനങ്ങളും ട്രാഫിക് വകുപ്പ് നിരീക്ഷിക്കും

  • 16/09/2025


കുവൈത്ത് സിറ്റി: പൊതുവഴികളിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളോടൊപ്പം, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഗതാഗത നിയമലംഘനങ്ങളും ട്രാഫിക് വകുപ്പ് പ്രത്യേക സംഘത്തിലൂടെ നിരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ.

ജനറൽ ട്രാഫിക് വകുപ്പിന്റെ പ്രത്യേക സംഘമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന നിയമലംഘനങ്ങൾ കണ്ടെത്തുന്നത്. ഇത്തരം വാഹനങ്ങളുടെ ഉടമകളെ വിളിപ്പിച്ചുവരുത്തുകയും, വാഹനങ്ങൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നു. ഉടമ സ്വമേധയാ ഹാജരാകാത്ത പക്ഷം വിഷയങ്ങൾ ട്രാഫിക് അന്വേഷണ വിഭാഗത്തിന് കൈമാറി നിയമനടപടി സ്വീകരിക്കുന്നതായും അധികൃതർ വ്യക്തമാക്കി.

നിയമലംഘനക്കാർക്ക് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയോ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിലൂടെയോ ലഭിച്ച തെളിവുകൾ പരിശോധിക്കുന്നതിനുള്ള അവകാശവുമുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഴ്ച മാത്രം എട്ട് വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അതിൽ, ഒരു ഡ്രൈവർ മറ്റൊരു വാഹനത്തെ ഉദ്ദേശപൂർവ്വം പിന്തുടർന്ന് മുന്നിൽ കടന്ന് അതിവേഗത്തിൽ ബ്രേക്ക് ഇടുകയും വഴി തടസ്സപ്പെടുത്തുകയും ചെയ്തതും, മറ്റൊരു ഡ്രൈവർ ഹൈവേയിൽ വിരുദ്ധദിശയിൽ വാഹനം ഓടിച്ചതും ഉൾപ്പെടുന്നു.

വാഹനയാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്തരത്തിലുള്ള കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി.

Related News