അഹമ്മദി മുനിസിപ്പാലിറ്റിയിൽ പരിശോധന ശക്തമാക്കി; 5 ഫുഡ് ട്രക്കുകൾ നീക്കം ചെയ്തു

  • 28/08/2025


കുവൈത്ത് സിറ്റി: അനധികൃതമായി പ്രവർത്തിച്ച അഞ്ച് ഫുഡ് ട്രക്കുകൾ നീക്കം ചെയ്യുകയും തെരുവ് കച്ചവടക്കാർക്കും സ്ഥലങ്ങൾ കൈയേറിയവർക്കുമെതിരെ 11 നിയമലംഘനങ്ങൾ ചുമത്തുകയും ചെയ്തതായി അഹമ്മദി മുനിസിപ്പാലിറ്റിയിലെ ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപ്പൻസി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സാദ് അൽ-ഖുറൈനിജ് അറിയിച്ചു. കൂടാതെ, അൽ-റഖ ഏരിയയിൽ 19 മുന്നറിയിപ്പുകളും നോട്ടീസുകളും നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതു ശുചിത്വവും റോഡ് കൈയേറ്റങ്ങളും ലക്ഷ്യമിട്ട് മുനിസിപ്പാലിറ്റിയിലെ ഇൻസ്പെക്ടർമാർ ഗവർണറേറ്റിലുടനീളം തീവ്രമായ പരിശോധനകൾ നടത്തിയതായി അൽ ഖുറൈനിജ് ഇന്ന് ഒരു പ്രസ്താവനയിൽ പറഞ്ഞു. പ്രദേശങ്ങളുടെയും റോഡുകളുടെയും സൗന്ദര്യത്തിന് കോട്ടം വരുത്തുന്ന ഏത് തരം അവശിഷ്ടങ്ങളും നീക്കം ചെയ്യുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

അഹമ്മദി ക്ലീനിംഗ് ഡിപ്പാർട്ട്‌മെന്റ് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും അനധികൃത മൊബൈൽ വാഹനങ്ങളും റോഡുകൾക്ക് തടസ്സമുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളുടെ മനോഹാരിത നിലനിർത്തുന്നതിനായി ടീം നടത്തുന്ന ഫീൽഡ് കാമ്പയിനുകളുടെ ഭാഗമാണിതെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

Related News