ചട്ടങ്ങൾ ലംഘിച്ചു; കുവൈത്തിൽ 600-ൽ അധികം വാണിജ്യ ലൈസൻസുകൾ റദ്ദാക്കി

  • 27/08/2025



കുവൈത്ത് സിറ്റി: നിർബന്ധിത വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കി നൽകിയ 600-ൽ അധികം വാണിജ്യ ലൈസൻസുകൾ റദ്ദാക്കിയതായി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു. ലൈസൻസ് നൽകുന്നതിന് മുമ്പ് കുവൈത്ത് മുനിസിപ്പാലിറ്റി, ഫയർ ഡിപ്പാർട്ട്മെന്റ് എന്നിവയുടെ അനുമതി നിർബന്ധമാണ്. ഈ നടപടിക്രമങ്ങൾ പാലിക്കാത്ത ലൈസൻസുകളാണ് റദ്ദാക്കിയത്. നിലവിൽ അന്വേഷണത്തിലുള്ള നാല് മന്ത്രാലയ ജീവനക്കാരുടെ ലൈസൻസ് നൽകാനുള്ള അധികാരം നീക്കം ചെയ്തിട്ടുണ്ട്. മറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി വിപുലമായ യോഗങ്ങൾ നടത്തിയ ശേഷമാണ് 2021 മുതൽ 2025 ഓഗസ്റ്റ് വരെയുള്ള എല്ലാ വാണിജ്യ ലൈസൻസുകളും പരിശോധിച്ചത്. ഇതിൽ 600-ൽ അധികം ലൈസൻസുകൾക്ക് മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലെന്ന് കണ്ടെത്തി. തുടർന്ന്, ഈ ലൈസൻസുകളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും മന്ത്രാലയം തടഞ്ഞു. 2021-നും 2023-നും ഇടയിൽ വ്യക്തിഗത, പങ്കാളിത്ത വാണിജ്യ പ്രവർത്തനങ്ങൾക്കായി നൽകിയ ലൈസൻസുകളാണ് റദ്ദാക്കിയവയിലേറെയും. ജലീബ് അൽ-ഷുവൈക്ക്, ഖൈത്താൻ എന്നിവിടങ്ങളിൽ മാത്രമായി ഇത് ഒതുങ്ങുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇത്തരം ലൈസൻസുകൾ നൽകിയിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.

Related News