പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; മോഷ്ടിച്ച വാഹനവുമായി ഒരാൾ പിടിയിൽ

  • 27/08/2025



കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥനായി വേഷമിട്ട് വാഹനങ്ങൾ മോഷ്ടിക്കുകയും ലൈസൻസ് പ്ലേറ്റുകൾ മോഷ്ടിക്കുകയും വാഹനങ്ങൾക്ക് മനപ്പൂർവം കേടുപാടുകൾ വരുത്തുകയും ചെയ്ത ഒരാളെ ഹവല്ലി ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് അറസ്റ്റ് ചെയ്തു. സൽമിയ പോലീസ് സ്റ്റേഷനിൽ മുൻപ് രജിസ്റ്റർ ചെയ്തിരുന്ന കേസുകളിലാണ് ഇപ്പോൾ പ്രതിയെ കണ്ടെത്തിയത്.

വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ, മോഷ്ടിച്ച നമ്പർ പ്ലേറ്റുള്ള വാഹനം ഓടിച്ച് വരികയായിരുന്ന പ്രതിയെ പോലീസ് നഹ്ദ ഏരിയയിൽ വെച്ച് പിടികൂടി. തുടർന്ന്, നടത്തിയ പരിശോധനയിൽ ക്രിമിനൽ പശ്ചാത്തലമുള്ള കുവൈത്തി പൗരനായ എം.എഫ്.എം. എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം മോഷ്ടിച്ച വാഹനം, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, ഒരു സൈനിക യൂണിഫോം എന്നിവ കണ്ടെത്തി. നഹ്ദ ഏരിയയിൽ ഒളിപ്പിച്ച മറ്റൊരു വാഹനത്തെക്കുറിച്ചുള്ള വിവരങ്ങളും പ്രതി പോലീസിന് നൽകി.

പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് നിയമപരമായ അനുമതി ലഭിച്ച ശേഷം പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ മോഷ്ടിച്ച നിരവധി വസ്തുക്കൾ കണ്ടെടുത്തു. ഇവയിൽ സൈനിക വസ്ത്രങ്ങളും റാങ്കുകളും, സൈനിക തിരിച്ചറിയൽ കാർഡ് കവറുകൾ, ഒരു ഡിറ്റക്ടീവ് ഫ്ലാഷ് ലൈറ്റ്, ഒരു ഡമ്മി പിസ്റ്റൾ, കൈവിലങ്ങുകൾ, ഒരു സാദിരി, എം16 ആയുധത്തിന്റെ വെടിയുണ്ടകൾ എന്നിവ ഉൾപ്പെടുന്നു.

Related News