വക്കം മൗലവിയുടെ സമ്പൂർണ്ണ കൃതികളുടെ പ്രകാശനവും നവോത്ഥാന സമ്മേളനവും സെപ്തംബർ 12 ന് മസ്ജിദുൽ കബീറിൽ

  • 23/08/2025




കുവൈത്ത് സിറ്റി : വക്കം മൗലവി സമ്പൂർണ്ണ കൃതികളുടെ മിഡിൽ ഈസ്റ്റ് തല പുസ്തക പ്രകാശനവും നവോത്ഥാന സമ്മേളനവും സെപ്തംബർ 12 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 മണിക്ക് മസ്ജിദുൽ കബീറിൽ നടക്കും. ഇന്ത്യൻ ഇസ്ലാഹീ സെന്റർ കുവൈത്തും യുവതയും സംയുക്തമായാണ് വക്കം അബ്ദുൽ ഖാദർ മൗലവിയുടെ സമ്പൂർണ രചന കൈരളിക്ക് സമ്മാനിക്കുന്നത്.

സ്വാതന്ത്ര്യസമര പോരാട്ടത്തിനും സ്ത്രീശാക്തീകരണത്തിനും മതനവീകരണത്തിനും സാമുദായിക മുന്നേറ്റത്തിനും മൗലവിയുടെ തൂലികയിൽ നിന്ന് പിറന്നത് അക്ഷരജ്വാലകളായിരുന്നു. ആഗോള ഇസ് ലാമിക ചലനങ്ങളെ കേരള മുസ് ലിം നവോത്ഥാന ശ്രമങ്ങളിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിൽ വിജയിച്ച ഒരാൾ കൂടിയാണ് വക്കം മൗലവി. കേരള മുസ് ലിം നവോത്ഥാനത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന മൗലവിയുടെ കാഴ്ചപ്പാടുകൾ ഒരു കാലത്തെ രൂപപ്പെടുത്തുകയും പുതിയ കാലത്തേക്ക് സമുദായത്തെ അതിജീവിപ്പിക്കുകയും ചെയ്തതായി കാണാം. കേരളീയ മുസ് ലിം മുന്നേറ്റത്തിന്റെ ചരിത്രമന്വേഷിക്കുന്നവർ മൗലവിയുടെ പൂർണമായ രചനകളെ കാണാതെ പോകരുത്. മൗലവിയുടെ മൗലികമായ രചനകളെ പൂർണമായും വായിക്കുകയോ കാണുകയോ പോലും ചെയ്യാതെ വിമർശനം ഉന്നയിക്കുന്നവരെ അടുത്തിടെ ശ്രദ്ധയിൽപെടുകയുണ്ടായി. പുതിയ കാലത്തും വ്യാഖ്യാന സാധ്യതകൾ അവശേഷിപ്പിക്കുന്ന മൗലവിയുടെ പുസ്തകങ്ങളും ലേഖന സമാഹാരങ്ങളും മുഴുവൻ വായിച്ച് സത്യസന്ധമായ ഗവേഷണങ്ങൾ നടക്കട്ടെ.
നവോത്ഥാന സമ്മേളനത്തിൽ യുവപണ്ഡിതനും പ്രഭാഷകനുമായ റിഹാസ് പുലാമന്തോൾ മുഖ്യ പ്രഭാഷണം നടത്തും. ഔക്കാഫിൻറെയും വിവിധ സംഘടനകളുടെയും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
സംഗമത്തിൽ വെച്ച് സമ്പൂർണ്ണ കൃതികളുടെ സമാഹാരം വാങ്ങാൻ സൌകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക- 6582 9673, 9782 7920

Related News