മദ്യ ദുരന്തം; മെഥനോൾ നിർമ്മാണ സംഘം കുവൈത്തിൽ പിടിയിൽ

  • 17/08/2025



കുവൈത്ത് സിറ്റി: നിരവധി ഏഷ്യൻ പ്രവാസികളുടെ മരണത്തിന് കാരണമായ മെഥനോൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത ക്രിമിനൽ സംഘത്തെ കുവൈത്ത് സുരക്ഷാ സേന പിടികൂടി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ മേൽനോട്ടത്തിലാണ് നടപടികൾ. സംഘടിത ഫീൽഡ് അന്വേഷണങ്ങൾക്ക് ശേഷം, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ലഹരിവസ്തുക്കൾ നിയന്ത്രിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ്, ഫോറൻസിക് എവിഡൻസ് ഡിപ്പാർട്ട്‌മെന്റ്, ആരോഗ്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ സൽമിയയിൽ വെച്ച് നേപ്പാൾ പൗരനായ ഭുവൻ ലാൽ തമാങ്ങിനെ അറസ്റ്റ് ചെയ്തു. 

മെഥനോൾ കൈവശം വെച്ച് വിൽപ്പന നടത്തിയതിന് ഇയാളെ പിടികൂടുകയായിരുന്നു. കൂടുതൽ അന്വേഷണത്തിൽ വിഷാംശമുള്ള ഈ ദ്രാവകം നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘത്തിൽ ഉൾപ്പെട്ട ഇന്ത്യൻ പൗരൻ വിശാൽ ധന്യാൽ ചൗഹാൻ, നേപ്പാൾ പൗരൻ നാരായൺ പ്രസാദ ഭാഷ്യൽ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഘത്തിൻ്റെ മുഖ്യ സൂത്രധാരനായ ബംഗ്ലാദേശ് പൗരൻ ഡെലോറ പർക്കാഷ് ദരാജി, പിന്നീട് പിടിയിലായി.

കുവൈത്തിലുടനീളം നടത്തിയ സുരക്ഷാ പരിശോധനകളിൽ, അനധികൃത മദ്യനിർമ്മാണത്തിനും വിൽപ്പനയ്ക്കും ബന്ധമുള്ള 67 പേരെ അറസ്റ്റ് ചെയ്തു. അനധികൃത മദ്യനിർമ്മാണത്തിനായി പ്രവർത്തിച്ചിരുന്ന ആറ് ഫാക്ടറികൾ കണ്ടെത്തുകയും, റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ പ്രവർത്തിച്ചിരുന്ന നാലെണ്ണം അടച്ചുപൂട്ടുകയും ചെയ്തു.

Related News