കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ കർശനമാക്കി: 14 യാചക സ്ത്രീകളെ അറസ്റ്റ് ചെയ്തു

  • 17/08/2025



കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻ്റെ നിർദ്ദേശപ്രകാരം, താമസ-തൊഴിൽ നിയമങ്ങൾ കർശനമാക്കുന്നതിനും സമൂഹത്തിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടി കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ പരിശോധനകൾ ശക്തമാക്കി. റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിലുള്ള വയലേറ്റേഴ്സ് ഫോളോ-അപ്പ് വിഭാഗം രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ 14 യാചകരായ സ്ത്രീകളെ അറസ്റ്റ് ചെയ്തു.

നിയമലംഘകർക്കെതിരെ ഫാമിലി ജോയിനിംഗ് നിയമത്തിലെ ആർട്ടിക്കിൾ 22 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിച്ചു. ഈ നിയമമനുസരിച്ച് നിയമലംഘകനെയും സ്പോൺസറെയും നാടുകടത്താൻ വ്യവസ്ഥയുണ്ട്. സിവിൽ സർവീസ് നിയമത്തിലെ ആർട്ടിക്കിൾ 18 പ്രകാരം തൊഴിലുടമകളെയും സ്പോൺസർമാരെയും കമ്പനികളെയും ഉത്തരവാദികളാക്കാനുള്ള നടപടികൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി സഹകരിച്ച് സ്വീകരിച്ചു.

താമസ, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും നിയമലംഘനങ്ങൾക്ക് തൊഴിലാളികളെയും തൊഴിലുടമകളെയും ഒരുപോലെ ഉത്തരവാദികളാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യാചനം ഏത് രൂപത്തിലായാലും അത് സമൂഹത്തിന് ഒരു ദൂഷ്യവും നിയമത്തിൻ്റെ വ്യക്തമായ ലംഘനവുമാണെന്ന് അധികൃതർ വ്യക്തമാക്കി.

Related News