റെഡ് ക്രസന്റ്, റെഡ് ക്രോസ് ചിഹ്നങ്ങളുടെ ദുരുപയോഗം തടയും: പുതിയ നിയമത്തിന് അംഗീകാരം നൽകി മന്ത്രിസഭ

  • 14/08/2025



കുവൈത്ത് സിറ്റി: റെഡ് ക്രസന്റ്, റെഡ് ക്രോസ് ചിഹ്നങ്ങളുടെ ഉപയോഗവും സംരക്ഷണവും നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. അന്തിമ അംഗീകാരത്തിനായി ഇത് പാർലമെന്റിലേക്ക് അയയ്ക്കും. പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനുള്ളിൽ പ്രതിരോധ മന്ത്രിയുടെ നിർദേശപ്രകാരം നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾ മന്ത്രിസഭ പുറത്തിറക്കും. പുതിയ നിയമം നിലവിൽ വന്നാൽ, സ്വകാര്യ മേഖലയിലെ മെഡിക്കൽ സ്ഥാപനങ്ങൾ നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത ചിഹ്നങ്ങൾ നീക്കം ചെയ്യണം. 

ഇതിനായി സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ സമയം നൽകും. റെഡ് ക്രസന്റ്, റെഡ് ക്രോസ് ചിഹ്നങ്ങൾ പരിക്കേറ്റവരെയും രോഗികളെയും ആരോഗ്യ പ്രവർത്തകരെയും മെഡിക്കൽ സൗകര്യങ്ങളെയും വാഹനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രധാന ചിഹ്നങ്ങളാണെന്ന് നിയമത്തിന്റെ വിശദീകരണ കുറിപ്പിൽ പറയുന്നു. 1949-ലെ ഒന്നാം ജനീവ കൺവെൻഷൻ, യുദ്ധത്തിൽ പരിക്കേറ്റവരുടെയും രോഗികളുടെയും അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള നിയമങ്ങൾ പ്രതിപാദിക്കുന്നുണ്ട്. അതിൽ "ദി ഡിസ്റ്റിങ്ക്റ്റീവ് എംബ്ലം" (The Distinctive Emblem) എന്ന അധ്യായം ചിഹ്നങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നു. അനുച്ഛേദം 38 മുതൽ 44 വരെ ഇതിനെക്കുറിച്ച് വിശദമാക്കുന്നുണ്ട്. അനുച്ഛേദം 53 ചിഹ്നങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും, അനുച്ഛേദം 54 ദുരുപയോഗം തടയുന്നതിനുള്ള നിയമങ്ങൾ നിർമ്മിക്കാൻ കൺവെൻഷനിൽ പങ്കെടുത്ത രാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.

Related News