സായുധ മയക്കുമരുന്ന് മാഫിയ പിടിയിൽ; വൻ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു

  • 13/08/2025


കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ കോംബാറ്റിംഗ് നാർക്കോട്ടിക്സ് നടത്തിയ അന്വേഷണത്തിലാണ് ആയുധധാരികളായ ക്രിമിനൽ സംഘം പിടിയിലായത്. അനധികൃതമായി രാജ്യത്ത് താമസിക്കുന്ന മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരിൽ നിന്ന് വലിയ അളവിൽ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു.
അറസ്റ്റിലായവർ അൽ സൽമി മേഖലയിലെ 'ബാർ അൽ-സൽമി'യിൽ മയക്കുമരുന്ന് സൂക്ഷിക്കാനും വിൽക്കാനും ഒരു സ്ഥലം ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആവശ്യമായ നിയമപരമായ അനുമതി നേടിയ ശേഷം നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.

ഇവരിൽ നിന്ന് 4 കിലോഗ്രാം ഹാഷിഷ്, 100 ഗ്രാം കഞ്ചാവ്, ഒരു കിലോഗ്രാം ലിറിക്ക പൗഡർ, 25,000 ക്യാപ്‌സ്യൂളുകളും ലഹരി ഗുളികകളും, മൂന്ന് ഇലക്ട്രോണിക് തുലാസുകൾ, രണ്ട് കലാഷ്നിക്കോവ് തോക്കുകൾ, ആറ് പിസ്റ്റളുകൾ, വലിയ അളവിൽ വെടിക്കോപ്പുകൾ എന്നിവ പിടിച്ചെടുത്തു. പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News