ഭിക്ഷാടനം; സ്ത്രീയും സ്‌പോൺസറും പിടിയിൽ, നാടുകടത്തും

  • 10/08/2025



കുവൈത്ത് സിറ്റി: രാജ്യത്ത് നടക്കുന്ന ഭിക്ഷാടന പ്രവർത്തനങ്ങൾ തടയുന്നതിനും സാമൂഹിക നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനുമുള്ള സുരക്ഷാ നടപടികളുടെ ഭാഗമായി, ജോർദ്ദാൻ സ്വദേശിനിയായ ഒരു സ്ത്രീയെ ഭിക്ഷാടനം നടത്തിയതിനായി പൊലീസ് അറസ്റ്റ് ചെയ്തു. അൽ-ഹജൻ പ്രദേശത്ത് വെസ്റ്റ് അബ്ദുള്ള അൽ-മുബാറക് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

അന്വേഷണത്തിൽ, സ്ത്രീയുടെ സ്‌പോൺസർ ഭർത്താവാണ്, ജോർദ്ദാൻ പൗരനായ ഇയാളെയും തുടർന്ന് പൊലീസ് പിടികൂടി. ഇരുവരെയും രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഭിക്ഷാടനം സമൂഹത്തിന് ദോഷകരവും നിയമവിരുദ്ധവുമാണെന്നും, ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ കണ്ടാൽ 112 അടിയന്തര നമ്പറിലോ, 25582581, 97288200, 97288211 എന്നീ ഹോട്ട്‌ലൈൻ നമ്പറുകളിലോ ഉടൻ അറിയിക്കാൻ പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.

Related News