കുവൈറ്റിൽ ഒരാഴ്ചക്കിടെ 27,100 ട്രാഫിക് ടിക്കറ്റുകൾ; 37 ഡ്രൈവർമാർ അറസ്റ്റിൽ

  • 29/07/2025


കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ആഭ്യന്തര, ഉൾ റോഡുകളിലും എല്ലാ ഗവർണറേറ്റുകളിലും ട്രാഫിക്, സുരക്ഷാ പരിശോധനകൾ തുടര്‍ന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ. കഴിഞ്ഞ ഒരാഴ്ചയായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ സുരക്ഷാ പരിശോധനകളിൽ 27,100 ട്രാഫിക് ടിക്കറ്റുകൾ നൽകുകയും, നിയമം ലംഘിച്ച 37 ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് അവബോധ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ ഈസ അറിയിച്ചു.

നിയമലംഘകരുടെ 11 വാഹനങ്ങളും 6 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടുകയും, ലൈസൻസില്ലാതെ വാഹനമോടിച്ച 63 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്യുകയും ചെയ്തു. കഴിഞ്ഞ ആഴ്ച 1,984 ഗതാഗത റിപ്പോർട്ടുകളാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പട്രോൾ വിഭാഗം കൈകാര്യം ചെയ്തത്. ഇതിൽ 139 അപകടങ്ങളും പരിക്കുകളും, 952 കൂട്ടിയിടികളും ഉൾപ്പെടുന്നു. സുരക്ഷാ കാരണങ്ങളാൽ തിരയുന്ന 56 പേരെയും, ഒളിച്ചോട്ട കേസുകളുമായി ബന്ധപ്പെട്ടവരെയും അറസ്റ്റ് ചെയ്തു. കൂടാതെ, താമസരേഖകൾ കാലാവധി കഴിഞ്ഞ 76 പ്രവാസികളെയും, ഔദ്യോഗിക തിരിച്ചറിയൽ രേഖകളില്ലാത്ത 13 പേരെയും അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

Related News