സൽമിയ തീരത്ത് മുങ്ങിയ കൂറ്റൻ യാച്ച് കുവൈത്ത് ഡൈവിംഗ് ടീം വീണ്ടെടുത്തു

  • 28/07/2025



കുവൈത്ത് സിറ്റി: ശക്തമായ കാറ്റിൽ കുവൈത്തിലെ സൽമിയ തീരത്ത് മണൽതിട്ടയിലിടിച്ച് മുങ്ങിയ യാച്ച് കുവൈത്ത് എൻവയോൺമെൻ്റൽ വോളണ്ടറി ഫൗണ്ടേഷൻ്റെ ഡൈവിംഗ് ടീം വീണ്ടെടുത്തു. 57 അടി നീളവും 30 ടൺ ഭാരവുമുള്ള യാച്ചാണ് മുങ്ങിയെടുത്തത്. യാച്ച് മുങ്ങിയ വിവരം ലഭിച്ചയുടൻ ടീം ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് സമഗ്രമായ രക്ഷാപ്രവർത്തന പദ്ധതി തയ്യാറാക്കിയതായി ടീം ലീഡർ വലീദ് അൽ ഫാദൽ അറിയിച്ചു. യാച്ച് മുങ്ങിയ സ്ഥലം സമുദ്രഗതാഗതത്തിന് ഭീഷണിയാണെന്നും, വലിയ അളവിൽ ഇന്ധനവും ഓയിലും ഉള്ളതിനാൽ കടൽ മലിനീകരണം തടയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രക്ഷാപ്രവർത്തനം വിജയകരമാക്കാൻ കോസ്റ്റ് ഗാർഡ് തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് പങ്കെടുത്ത കക്ഷികളുമായി ഏകോപിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന താപനില, ശക്തമായ കാറ്റിനൊപ്പമുള്ള വലിയ തിരമാലകൾ, മരീന മാൾ തുറമുഖത്തിൻ്റെ പ്രവേശന കവാടത്തിനടുത്തുള്ള പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലം എന്നിവ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായെന്ന് അൽ ഫാദൽ വിശദീകരിച്ചു.

Related News