ശമ്പളം ബാങ്ക് വഴി നൽകാത്ത കമ്പനികൾക്ക് പൂട്ട് : ഡെലിവറി ബിസിനസ് കമ്പനി ഫയലുകൾക്ക് താൽക്കാലിക വിലക്ക് തുടരും

  • 21/07/2025



കുവൈത്ത് സിറ്റി: ജീവനക്കാരുടെ ശമ്പളം ബാങ്ക് വഴി നൽകാനുള്ള കമ്പനികളുടെ പ്രതിബദ്ധത ഉറപ്പാക്കുന്നത് വരെ ഡെലിവറി ബിസിനസ്സ് സ്ഥാപനങ്ങളുടെ ഫയലുകൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് തുടരുമെന്ന് മാൻപവര്‍ അതോറിറ്റി. നിയമം പാലിക്കാത്ത കമ്പനികളുടെ ഫയലുകൾ ഉടനടി സസ്പെൻഡ് ചെയ്യുമെന്നും അധികൃതർ സ്ഥിരീകരിച്ചു. കമ്പനികളുടെ നിലവിലെ സ്ഥിതി ക്രമീകരിക്കുന്നതിന് അതോറിറ്റി ഒരു സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ എണ്ണം കുറവുള്ള ചെറുകിട കമ്പനികളിൽ നിന്ന് ആരംഭിച്ച് അവരുടെ ഫയലുകൾ വേഗത്തിൽ തീർപ്പാക്കുക, തുടർന്ന് ശമ്പളം ബാങ്ക് വഴി നൽകാത്ത വലിയ കമ്പനികളിലേക്ക് നടപടി വ്യാപിപ്പിക്കുക എന്നതാണ് നിലവിൽ പരിഗണനയിലുള്ള നിർദ്ദേശങ്ങളിലൊന്ന്.

തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളെയും ഒറ്റയടിക്ക് സസ്പെൻഡ് ചെയ്യുന്നത് ഒഴിവാക്കാൻ, ചില പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും വൃത്തങ്ങൾ സൂചന നൽകി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമപരമായ നടപടികൾ ഒഴിവാക്കുന്നതിനും ശമ്പളം ബാങ്ക് വഴി നൽകാൻ ബന്ധപ്പെട്ട കമ്പനികൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Related News