കുവൈത്ത് വിമാനത്താവളത്തിൽ 199 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

  • 20/07/2025


കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. നിരോധിത ലഹരിവസ്തുക്കളുടെ കടത്ത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെ ടെർമിനൽ 4 (T4)-ൽ നിന്ന് വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ (ച്യൂയിംഗ് ടുബാക്കോ) പിടികൂടിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി, നാല് ബംഗ്ലാദേശ് യാത്രക്കാരെയാണ് ച്യൂയിംഗ് ടുബാക്കോ കടത്താൻ ശ്രമിച്ചതിന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ആദ്യ ദിവസം ഒരു യാത്രക്കാരനിൽ നിന്ന് 40 കിലോഗ്രാം ച്യൂയിംഗ് ടുബാക്കോ കണ്ടെടുത്തു. തൊട്ടടുത്ത ദിവസം മറ്റ് മൂന്ന് ബംഗ്ലാദേശ് യാത്രക്കാരിൽ നിന്ന് 159 കിലോഗ്രാം പിടികൂടി. ഇതോടെ ആകെ പിടിച്ചെടുത്ത നിരോധിത പുകയില ഉൽപന്നങ്ങളുടെ അളവ് 199 കിലോഗ്രാമായി.

എയർപോർട്ട് കസ്റ്റംസ് വിഭാഗം ഉടൻ തന്നെ നിയമപരമായ നടപടികൾ സ്വീകരിക്കുകയും, പിടിച്ചെടുക്കൽ റിപ്പോർട്ടുകൾ തയ്യാറാക്കി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ സംശയമുള്ളവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചുള്ള അന്വേഷണവും നടന്നുവരികയാണ്.

Related News