നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഭക്ഷ്യ ട്രക്കുകൾക്കെതിരെ വ്യാപക പരിശോധന

  • 23/06/2025


കുവൈത്ത് സിറ്റി: നിയമവിരുദ്ധ ഭക്ഷ്യ ട്രക്കുകൾക്കെതിരെ വ്യാപക പരിശോധന നടത്തി അധികൃതര്‍. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് നഗരസഭയുടെ ഗവർണറേറ്റ് ബ്രാഞ്ചുകളിലെ പൊതു ശുചിത്വ, റോഡ് കൈയേറ്റ വകുപ്പുകൾ ചില പ്രദേശങ്ങളിൽ നിയമവിരുദ്ധ ഭക്ഷ്യ ട്രക്കുകൾക്കെതിരെ വ്യാപകമായ പരിശോധനാ കാമ്പയിനുകൾക്ക് തുടക്കമിട്ടത്. നിയമം ലംഘിക്കുന്നതോ ലൈസൻസുള്ളതോ ആയ ഒരു വാഹനത്തെയും ക്യാമ്പയിനിൽ നിന്ന് ഒഴിവാക്കില്ലെന്ന് നഗരസഭാ ഉദ്യോഗസ്ഥൻ പറഞ്ഞു. 

നിയമലംഘകരെ നീക്കം ചെയ്യുമെന്നും ലൈസൻസുള്ള വാഹനങ്ങൾ നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാലയളവിൽ, പ്രത്യേകിച്ച് കടൽത്തീരങ്ങളിലെ പരിശോധന ഏറ്റവും ശക്തമായിരിക്കും. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, നിശ്ചിത സ്ഥലങ്ങളിൽ അല്ലാതെ പ്രവർത്തിച്ച നിരവധി മൊബൈൽ വാഹനങ്ങൾ കണ്ടെത്തിയെന്നും അവക്കെതിരെ ഉടൻ നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ വാഹനങ്ങൾക്ക് പ്രവർത്തിക്കാൻ വാണിജ്യ ലൈസൻസ് ഉണ്ടെന്നത് അവയെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നില്ല. ചില ഭക്ഷ്യ ട്രക്കുകൾ ലൈസൻസില്ലാതെ ഇടയ്ക്കിടെ സ്ഥലങ്ങൾ മാറ്റാറുണ്ടെന്നും ഇത് അവർക്ക് പിഴ ചുമത്താൻ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News