മദ്യപിച്ച് എതിർ ദിശയിൽ വാഹനമോടിച്ചയാൾ അറസ്റ്റിൽ

  • 21/06/2025

 


കുവൈത്ത് സിറ്റി: മദ്യപിച്ച നിലയിൽ അപകടകരമായി വാഹനം ഓടിച്ച ബിദൂണ്‍ പൗരനെ കുവൈത്ത് പോലിസ് അറസ്റ്റ് ചെയ്തു. 63 വയസ്സുള്ള പ്രതിക്കെതിരെ അൽ ഖശാനിയ പോലീസ് നിരവധി കുറ്റങ്ങൾ ചുമത്തി, നടപടി സ്വീകരിച്ചു. ഷെയ്ഖ് ജാബർ റോഡിൽ അബ്ദാലി ഫാമുകൾക്ക് സമീപം, ഒരു കൊറിയൻ നിർമിത കാർ എതിർദിശയിൽ അതിവേഗം ഓടിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് യൂണിറ്റിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് നടപടി. ഉടൻ തന്നെ സ്ഥലത്തെത്തിയ പട്രോൾ സംഘം വാഹനത്തെയും ഡ്രൈവറെയും പിടികൂടുകയായിരുന്നു.

വണ്ടിചാലകൻ ആകസ്മികമായും അസ്വാഭാവികമായ രീതിയിലും പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരിക്കുകയായിരുന്നുവെന്നും, അവിടെ നിന്ന് അനധികൃതമായി വാറ്റിയ മൂന്ന് മദ്യക്കുപ്പികളും പിടിച്ചെടുത്തുവെന്നും അധികൃതർ അറിയിച്ചു. ഗതാഗത നിയമങ്ങൾ ലംഘിച്ചും, പൊതുസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയുമാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related News