'ബിജെപിയുടെ സൂപ്പര്‍ വക്താവാകുന്നു'; തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ്

  • 28/05/2025

ഓപ്പറേഷന്‍ സിന്ദൂർ വിശദീകരണവുമായി വിദേശ സന്ദര്‍ശനം നടത്തുന്ന പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘത്തലവനായ ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി മറനീക്കി പുറത്തുവരുന്നു.


വിദേശ സന്ദര്‍ശനം നടത്തുന്ന ശശി തരൂരിന്റെ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്തെത്തി. ശശി തരൂര്‍ ബിജെപിയുടെ സൂപ്പര്‍ വക്താവായി മാറി എന്ന നിലയിലാണ് ഉദിത് രാജിന്റെ പ്രതികരണം. ബിജെപി നേതാക്കള്‍ മോദിയേയും കേന്ദ്ര സര്‍ക്കാരിയേയും പുകഴ്ത്തുന്നതിനേക്കാള്‍ ശക്തമായിട്ടാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വാഴ്ത്തുന്നതെന്നും ഉദിത് രാജ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന തിരിച്ചടികള്‍ ചൂണ്ടിക്കാട്ടിയായുള്ള തരൂരിന്റെ പരാമര്‍ശമാണ് ഉദിത് രാജിന്റെ വിമര്‍ശനത്തിന് അധാരം. ഇന്ത്യയ്ക്ക് എതിരെ ആക്രമണം നടത്തിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് സമീപ വര്‍ഷങ്ങളിലെ സംഭവങ്ങള്‍ തെളിയിക്കുന്നു എന്നായിരുന്നു തരൂരിന്റെ നിലപാട്. 'സമീപ വര്‍ഷങ്ങളില്‍ വന്ന മാറ്റം എന്തെന്നാല്‍, ഭീകരര്‍ക്കും വലിയ വിലനല്‍കേണ്ടിവരുമെന്ന് മനസ്സിലായി എന്നതാണ്, അതില്‍ സംശയമില്ല', എന്നായിരുന്നു പാനമയിലെ ഇന്ത്യന്‍ എംബസിയില്‍ തരൂര്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍.

Related News