കന്നട ഭാഷാ വിവാദത്തില്‍ വിശദീകരണവുമായി കമല്‍ഹാസന്‍

  • 28/05/2025

കന്നഡയുടെ ഉത്ഭവം തമിഴ് ഭാഷയില്‍നിന്നാണെന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി നടന്‍ കമല്‍ ഹാസന്‍. തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും താനത് സ്നേഹത്തില്‍നിന്ന് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് 'തഗ്ലൈഫ്' ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

'ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്. സ്നേഹത്തില്‍ നിന്ന് പറഞ്ഞതാണത്. വളരെ അപൂര്‍വതയുള്ള സംസ്ഥാനമാണ് തമിഴ്നാട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്ഥാനം. കന്നഡയിലെ ജനങ്ങള്‍ 'തഗ് ലൈഫ്' എന്ന ചിത്രം ഏറ്റെടുക്കും. ഞാന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് ഭാഷയെക്കുറിച്ച്‌ സംസാരിക്കാന്‍ യോഗ്യതയില്ല. ഇതൊരു മറുപടിയില്ല, വിശദീകരണമാണെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കമലിന്റെ പ്രതികരണത്തിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം രൂക്ഷമാണ്. കമല്‍ ഹാസനെതിരെ കന്നഡ അനുകൂല സംഘടനകള്‍ ബംഗളൂരുവില്‍ തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകള്‍ കീറിക്കൊണ്ട് പ്രതിഷേധിച്ചു. കമല്‍ ഹാസന്‍ നടത്തിയത് നിലവാരമില്ലാത്ത പ്രതികരണമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ വിജയെന്ദ്ര യെദ്യൂരപ്പ കുറ്റപ്പെടുത്തി. കമല്‍ ഹാസന്‍ കന്നഡയെ അപമാനിച്ചു. നടന്‍ ശിവരാജ് കുമാറിനെ വേദിയിലിരുത്തി കന്നഡയെ അപമാനിച്ചത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും അങ്ങേയറ്റത്തെ ഉദാഹരണമാണ്.

Related News