കൈവശം മയക്കുമരുന്നും പെപ്പർ സ്പ്രേയും; വിവിധ കേസുകളിലെ പ്രതി അറസ്റ്റിൽ

  • 26/05/2025


കുവൈത്ത് സിറ്റി: മോഷണം നടത്താൻ ഉപയോ​ഗിക്കൻ സാധ്യതയുള്ള വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ. വെസ്റ്റ് അബ്ദുല്ല അൽ-മുബാറക്ക് പോലീസ് ഇയാളെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കൈമാറി. ഇയാളുടെ കൈവശം പെപ്പർ സ്പ്രേയും ഇലക്ട്രിക് ടേസറും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കവർച്ച, ബലപ്രയോഗത്തിലൂടെയുള്ള മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഈ സാധനങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണോ എന്ന് അധികാരികൾ അന്വേഷിച്ചുവരികയാണ്.

പ്രാഥമിക അന്വേഷണത്തിന് ശേഷം, ഇയാളുടെ കൈവശം കണ്ടെത്തിയ മയക്കുമരുന്നിന്റെ ഉറവിടം നിർണ്ണയിക്കാനും അത് വ്യക്തിഗത ഉപയോഗത്തിനാണോ കടത്തിക്കൊണ്ടുപോകുന്നതിനാണോ എന്ന് കണ്ടെത്താനും പ്രതിയെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറും. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ, വിശ്വാസ ലംഘനം എന്നിങ്ങനെയുള്ള കേസുകൾ ഇയാളുടെ പേരിലുണ്ടായിരുന്നു. ആ കേസുകൾ കൈകാര്യം ചെയ്യുന്ന അതത് പോലീസ് സ്റ്റേഷനുകളിലേക്ക് ഇയാളെ പിന്നീട് കൈമാറും.

വെസ്റ്റ് അബ്ദുല്ല അൽ മുബാറക്ക് സ്റ്റേഷനിലെ ഒരു പട്രോളിംഗ് സംഘം പതിവ് പട്രോളിംഗിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച ഒരു വാഹനം ശ്രദ്ധിക്കുകയായിരുന്നു. ഡ്രൈവറോട് നിർത്താൻ ഉദ്യോഗസ്ഥർ സിഗ്നൽ നൽകിയപ്പോൾ, അയാൾ അനുസരിക്കാതെ അതിവേഗം ഓടിച്ചുപോയി. കൂടുതൽ യൂണിറ്റുകളെ വിവരം അറിയിച്ച് വഴി ത‍ടഞ്ഞതോടെ പ്രതി കാർ നിർത്തി കാൽനടയായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചെറിയൊരു ചേസിന് ശേഷം പിടിയിലാവുകയായിരുന്നു.

Related News