ഇന്ത്യ - കുവൈത്ത് ബന്ധത്തിന്റെ 250 വർഷം അടയാളപ്പെടുത്തി പ്രദര്‍ശനം സംഘടിപ്പിച്ചു.

  • 20/05/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെയും കുവൈത്ത് ഹെറിറ്റേജ് സൊസൈറ്റിയുടെയും സഹകരണത്തോടെ നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് & ലിറ്ററേച്ചർ (NCCAL) കുവൈത്ത് നാഷണൽ ലൈബ്രറിയിൽ 'രിഹ്ല-എ-ദോസ്തി' എന്ന പേരിൽ ഒരു പ്രദർശനവും സംഭാഷണ പരമ്പരയും സംഘടിപ്പിച്ചു. ഇത് ഇന്ത്യ - കുവൈത്ത് ബന്ധത്തിന്റെ 250 വർഷം അടയാളപ്പെടുത്തുന്നതായിരുന്നു പ്രദര്‍ശനം. കുവൈത്ത് നാഷണൽ സെന്റർ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ് ലെറ്റേഴ്സ് (NCCAL) സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ജസ്സാറാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. കുവൈത്ത് ഹെറിറ്റേജ് സൊസൈറ്റി പ്രസിഡന്റ് ഫഹദ് അബ്ദുൾജലീൽ, ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യയുമായുള്ള ബന്ധം ആഴത്തിലുള്ള ധാരണയുടെയും സാംസ്കാരിക കൈമാറ്റത്തിന്റെയും ഒരു സവിശേഷ മാതൃകയാണ് എന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഹമ്മദ് അൽ ജസ്സാർ പറഞ്ഞു. ജനങ്ങൾക്കിടയിൽ ബന്ധം ശക്തിപ്പെടുത്തുന്നതിൽ സംസ്കാരത്തിനും കലയ്ക്കും ഉള്ള പങ്കിനെ അദ്ദേഹം ഊന്നിപ്പറഞ്ഞു. 1775-ൽ കുവൈത്തിന്‍റെ കപ്പൽ ആദ്യമായി ഇന്ത്യയുടെ തുറമുഖങ്ങളിൽ എത്തിയെന്നും, അതിനുശേഷം കുവൈറ്റികൾ പടിഞ്ഞാറിനും കിഴക്കിനും ഇടയിൽ വിപുലമായ വ്യാപാര ഗതാഗത ശൃംഖല സ്ഥാപിച്ചുവെന്നും, വളരുന്ന സാമ്പത്തിക ബന്ധങ്ങൾ കാരണം കുവൈത്തിനെ ഒരു പ്രധാന വ്യാപാര പാതയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

പ്രദർശനത്തോടനുബന്ധിച്ച് നടന്ന ഒരു പാനൽ ചർച്ചയിൽ, ഇന്ത്യയുമായി ചരിത്രപരമായ ആഴത്തിലുള്ള ബന്ധമുള്ള പ്രമുഖ വ്യാപാരി കുടുംബങ്ങളായ ഇബ്രാഹിം അബ്ദുല്ലത്തീഫ് അൽ ഇബ്രാഹിം, സുലൈമാൻ അബ്ദുൾമൊഹ്‌സെൻ അൽ ഖാമിസ്, അബ്ദുല്ലത്തീഫ് അബ്ദുൾറസാഖ് എന്നിവർ പങ്കെടുത്തു. അവരുടെ കുടുംബങ്ങൾക്ക് 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ ഇന്ത്യയുമായുണ്ടായിരുന്ന ബന്ധത്തിന്റെ കഥകൾ അവർ പങ്കുവെച്ചു.

Related News