അച്ഛനും മകനും നടത്തുന്ന കട, പൊലീസെത്തിയപ്പോള്‍ പുറത്തായത് കോടികളുടെ തട്ടിപ്പ്;പിടിച്ചത് 170,000 വ്യാജ പുസ്തകങ്ങള്‍

  • 20/05/2025

2.4 കോടിയിലധികം രൂപ വിലമതിക്കുന്ന വ്യാജ എന്‍സിഇആര്‍ടി ടെക്സ്റ്റ് ബുക്കുകള്‍ പിടിച്ചെടുത്ത് ഡല്‍ഹി പൊലീസ്. 170,000 വ്യാജ പുസ്തകങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. റാം നഗറിലെ മണ്ഡോലി റോഡിലെ എംഎസ് പാര്‍ക്കിന് സമീപം അനുപം സെയില്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് പുസ്തകങ്ങള്‍ പിടിച്ചെടുത്തത്. വ്യാജ പുസ്തകങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ തട്ടിപ്പ് പുറത്തായത് എന്ന് പൊലീസ് പറഞ്ഞു.

പ്രശാന്ത് ഗുപ്ത (48) യും മകന്‍ നിഷാന്ത് ഗുപ്ത (26) യും ചേര്‍ന്നാണ് വ്യാജ പുസ്തകങ്ങള്‍ വിറ്റിരുന്നത്. പത്തുവര്‍ഷത്തിലധികമായി ഇവര്‍ അനുപം സെയില്‍സ് എന്ന സ്ഥാപനം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിനൊപ്പം എന്‍സിഇആര്‍ടി ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തിരുന്നു. ടെക്സറ്റ്ബുക്ക് വാങ്ങാന്‍ എത്തുന്നവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ എല്ലാ പുസ്തകങ്ങളിലും വ്യാജ ഒപ്പും സീലും ഉണ്ടായിരുന്നു.

തുടര്‍ന്ന് ഉടന്‍ തന്നെ ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിഎന്‍എസ് സെക്ഷന്‍ 318 പ്രകാരവും കോപ്പി റൈറ്റ് ആക്‌ട്-1957 ലെ 63,65 വകുപ്പുകള്‍ പ്രകാരവുമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വടക്കന്‍ ദില്ലിയിലെ ആലിപൂരിലെ ഒരു വെയര്‍ ഹൗസില്‍ നിന്നാണ് ഇവര്‍ വ്യാജ പുസ്തകങ്ങള്‍ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. 

Related News