വീണ്ടും മഴ മുന്നറിയിപ്പ്, ഒറഞ്ച് യെല്ലോ അലര്‍ട്ടുകള്‍; ബെംഗളൂരുവില്‍ ജെസിബിയില്‍ ദുരന്തബാധിത പ്രദേശങ്ങളിലെത്തി എംഎല്‍എ

  • 19/05/2025

ബംഗളൂരുവില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടുകള്‍ക്കിടയിലും ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ എംഎല്‍എ ബി ബസവരാജ്. തിങ്കളാഴ്ച ജെസിബിയിലായിരുന്നു സായി ലേഔട്ടിലെ ദുരിതബാധിത പ്രദേശം എംഎല്‍എ സന്ദർശിച്ചത്. ചില പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഉപയോഗിക്കുന്ന ജെസിബികളിലാണ് എംഎല്‍എ എത്തിയത്. വീടുകളിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാനാണ് ജെസിബി ഉപയോഗിച്ച്‌ വെള്ളക്കെട്ട് നീക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറായി ബംഗളൂരുവില്‍ കനത്ത മഴ തുടരുകയാണ്.

മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായിരുന്നു. ഇത് സാധാരണ ജീവിതത്തെ സാരമായി തന്നെ ബാധിച്ചു. കനത്ത വെള്ളക്കെട്ടില്‍ വിവിധയിടങ്ങളില്‍ മരക്കൊമ്ബുകള്‍ ഒടിഞ്ഞുവീണു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാവുകയും ചെയ്തു. നഗരത്തില്‍ നേരത്തെ തന്നെയുള്ള ട്രാഫിക് പ്രശ്നങ്ങള്‍ക്ക് വെള്ളക്കെട്ട് ആക്കം കൂട്ടി. പെട്ടെന്നുണ്ടായ കനത്ത മഴയെ നേരിടാൻ നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങളും പരാജയപ്പെട്ടു. ആളുകളുടെ കാല്‍മുട്ടോളം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു.

നിരവധി വാഹനങ്ങള്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങി. പൊതുഗതാഗത സംവിധാനങ്ങള്‍ മന്ദഗതിയിലായതോടെ യാത്രക്കാർ വലഞ്ഞു. പല വീടുകളിലേക്കും വെള്ളം കയറി. വീട്ടുപകരണങ്ങളും ഇലക്‌ട്രോണിക് സാധനങ്ങളും നശിച്ചു. ദുരിതബാധിതരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. ബെംഗളൂരുവിന്റെ നഗര-ഗ്രാമ പ്രദേശങ്ങള്‍, കോലാർ, ചിക്കബല്ലാപുര, തുമകൂരു, മാണ്ഡ്യ, മൈസൂരു, ഹാസൻ, കൊടക്, ബെല്‍ഗാവി, ബിദാർ, റായ്ച്ചൂർ, യാദ്ഗിർ, ദാവൻഗരെ, ചിത്രദുർഗ എന്നീ ജില്ലകളെയാണ് മഴ കാര്യമായി ബാധിച്ചത്. 

Related News